Wednesday, November 7, 2012

പുഴ ഒഴുകും വഴിയെ....


ജനിമൃതികളുടെ -
സന്ദേഹങ്ങളില്ലാതെ
ഒരു പുഴ
മഞ്ഞു മലകളുടെ ഗര്‍ഭ പാത്രത്തില്‍-
നിന്നുറവ പൊട്ടി ആര്‍ത്തു പെയ്യുന്നു

Sunday, November 4, 2012

നെരിപോട് 


നെരിപോടില്‍
ഒരു ചിതയെരിയുന്നു.
ഇടനെഞ്ചില്‍ നീയും-
ഞാനുമറിയാതെ
സ്നേഹത്തിന്റെ പശിമയില്-
ഊര്‍ന്നിറങ്ങിയ ഒരു കവിതയുടെ  ചിത.
 
ചിത കത്തിയമരും  മുന്‍പേ-
ഒരുപിടി ചാരം ഞാന്‍ 
ഇടനെഞ്ചില്‍ തന്നെ 
ചേര്‍ത്ത് വെച്ചിട്ടുണ്ട്...
സിരാതന്തുക്കളില്‍
നിന്റെ ഓര്‍മകളായ്
പുനര്‍ജ്ജനിക്കാന്‍.
ഓര്‍മകളായ് മാത്രം...

Friday, November 2, 2012

മുഖമില്ലാത്ത മനുഷ്യര്‍ 

 
മുഖപടം  മാറ്റുമ്പോള്‍ 
വെളുത്ത തലയോട്ടികള്‍ 
മാത്രം

വാക്കുകള്‍ക്കും 
നോക്കുകള്‍ക്കും 
അര്‍ത്ഥമില്ലാത്തവര്‍

വര്‍ത്തമാന കാലത്തിലെ 
അവിശുദ്ധ സന്തതികള്‍
രാഷ്ട്രീയ കോമരങ്ങള്‍

Tuesday, October 30, 2012

സ്നേഹത്തിന്റെയും (മരണത്തിന്റെയും) ഗസല്‍ 


നിലാവ് പെയ്യുന്നയീ-
രാത്രിയില്‍---
നിശാഗന്ധി പൂവിന്റെ-
സുഗന്ധത്തില്‍
ഒരു ഗസലിന്റെ-
ഈണത്തില്‍ 
നിന്നിലേക്കാഴ്ന്നിറങ്ങണം.
എന്നിട്ട്-
നിന്റെ കണ്മഷി കൂട്ടില്‍ 
എന്റെ കണ്ണുനീര്‍ ചാലിച്ച് 
ഞാനൊരു ചിത്രം വരക്കാം.
വരകള്‍ ഇടമുറിഞ്ഞ -
അപൂര്‍ണമായ ഒരു ചിത്രം .

വേരുകള്‍ പിഴുതെറിഞ്ഞ്
വിരലുകള്‍ മുറിച്ച് 
അപരാഹ്നത്തില്‍ 
ആകാശനീലിമയെ പ്രണയിച്ചു-
നിന്റെ നനുത്ത വിരലുകളുടെ 
സ്പന്ദനങ്ങളെ താലോലിച്ച്
ഈ കടല്‍ത്തീരത്ത്‌-
ഒരു രാത്രിയുറക്കം..
തിരമാലകളുടെ-
വിലാപ ഗീതവും കേട്ട്-
മൃതിയുടെ ശൈത്യത്തിലേക്ക്‌...

Sunday, October 21, 2012

ഒരയ്യപ്പന്‍ കവിത 


എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഔസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കുന്നു.
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ ആത്മതത്ത്വം പറഞ്ഞു തന്നവളുടെ ഉപഹാരം.
മണ്ണു മൂടുന്നതിന് മുമ്പ്
ഹൃദയത്തില്‍ നിന്ന് ആ പൂവ് പറിക്കണം.
ദളങ്ങള്‍ കൊണ്ട് മുഖം മൂടണം.
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദളം.
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം.
മരണത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരുന്നു


(എ അയ്യപ്പന്‍)

Wednesday, October 3, 2012

ഗ്രീഷ്മ കാലത്തിലെ പൂക്കള്‍ ‍



ജൂണിലെ വര്‍ഷകാല-
മഴയെ പ്രണയിച്ചു നീ,
ഗ്രീഷ്മത്തിലെ കനലെരിയുന്ന
പകലുകളില്‍-
ഇലകള്‍ പൊട്ടിച്ചു-
വിഷു പൂക്കളായി.

വിഷാദ വര്‍ഷത്തിലും
ഇലകള്‍ പൊഴിക്കാതെ -
ചില്ലകള്‍ കരിക്കാതെ -
ഹൃദയ രക്ത്തം ഇറ്റിച്ചു നീ-
പൂക്കള്‍ക്ക് നനവേകി.

ഏകാന്ത മൌനം
നിറഞ്ഞു കവിഞ്ഞ-
നാളുകള്‍ക്കൊടുക്കം...
നനുത്ത മഴയില്-‍
പൂത്തുലഞ്ഞ്,
കനത്ത മഴയില്‍ -
ഇതള്‍ പൊഴിച്ച്,
മഴയോടൊപ്പം മണ്ണില്‍
ചെര്ന്നമര്‍ന്ന് -
രതിമൂര്ച്ചക്ക് ശേഷമുള്ള
അര്‍ത്ഥ രഹിതമായ
മൌനത്തിലേക്ക്‌ ...



Thursday, August 23, 2012

 അടയാളങ്ങള്‍


കവിതകള്‍,
എന്‍റെ നോവിന്റെ-
വിയര്‍പ്പു ഭാണ്ഡങ്ങള്‍.

ചിറകുകള്‍ കരിഞ്ഞ
ശലഭങ്ങളെ പോലെ,
അരികിലാണെങ്കിലും
പറന്നെത്താന്‍ പറ്റാത്ത
അകലത്തില്‍
ചിതറി തെറിച്ചവര്‍.

എന്‍റെ ഓരോ
കവിതയിലും 
നിന്‍റെ അടയാളങ്ങള്‍
ഒളിച്ചിരിപ്പുണ്ട്,
പൂവായ്...
പുലരിയായ്...
നിലാവായ്...
ചിലപ്പോള്‍
ചില്ലയില്‍ ചേക്കേറാതെ-
അലസ്സമായ് പറക്കുന്ന
പക്ഷികളായ്...

രാത്രിയുടെ ഒടുക്കമീ-
കവിത കുറിക്കുമ്പോള്‍-
ഞാന്‍ തിരിച്ചറിഞ്ഞു,
എന്‍റെ നിശ്വാസങ്ങളുടെ
ഈണം നീയായിരുന്നെന്ന്...

Wednesday, August 8, 2012

 മഴ നനഞ്ഞ മരങ്ങള്‍

 മഴ നനഞ്ഞ മരങ്ങള്‍
തളിരിടുന്നതു,
വരണ്ട വേനലില്‍ അവ-
അടക്കി വെച്ച ജീവിതമാണ്.

ഭൂമിയിലെ ദു:ഖങ്ങള്‍
ഘനീഭവിപ്പിച്ചാണ് 
ആകാശത്തിലെ -
ഇരുണ്ട മേഘങ്ങള്‍
മഴ പൊഴിക്കുന്നത്

മഴയും നിലാവും
ഒരുപോലെ പെയ്യുന്ന
രാത്രി,
എന്‍റെ തളിരിടാത്ത-
സ്വപ്നങ്ങളില്‍ ഒന്നുമാത്രമാണ്.

മഴ നനഞ്ഞ മരങ്ങളും
ഇരുണ്ട മേഘങ്ങളും
എന്‍റെ ജീവിതമാണ്
പറയുന്നത്...

Thursday, August 2, 2012

റെയ്നിക്ക്... 


കരള്‍ പകുത്തു-
നീ
ദാനം നല്‍കിയപ്പോള്
കിനിഞ്ഞതു-
രക്തത്തിന്റെ മണമല്ല -
ഒരു നിശാഗന്ധി പൂവിന്റെ
സുഗന്ധം.

അമ്പത്തിയൊന്നു വെട്ടിനും -
മീതെ പടര്‍ന്നു-
നീ
സുഗന്ധം പരത്തുക.
വെട്ടിയവര്‍,
വെട്ടിന്റെ മേനി-
 പറഞ്ഞവര്‍,
തല കുനിക്കട്ടെ.

രമ‍ പൊറുക്കുക...
നിങ്ങളുടെ വ്യഥ
ഒരു  സുഗന്ധത്തിനും -
തീര്‍ക്കാനാവില്ലല്ലോ .

ആത്മീയതയില്‍
ആത്മരതി നടത്തി-
ആശ്ലേഷിക്കുന്നവര്‍,
റെയ്നിയോടു  ഒരു -
മുത്തം കടം ചോദിക്കുക.
നിങ്ങളുടെ പാപവും -
ഒലിച്ചു  പോകട്ടെ.

Tuesday, July 31, 2012

യാത്ര

നമുക്കൊരു യാത്ര പോകാം...
കൈകള് കോര്‍ത്ത്‌ ‍ പിടിച്ച്,
കഥകള്‍ പറഞ്ഞു,
കവിതകള്‍ പാടി
ജീവിതം പറയാതെ ഒരു യാത്ര...

തിരമാലകളെ പുണര്‍ന്നു,
ആകാശവും കടലും-
വേര്‍തിരിച്ചറിയാതെ -
ചേര്‍ന്ന് നില്‍ക്കുന്നിടത്തേക്ക്-
ഒരു യാത്ര...

എനിക്കറിയാം
നീയിപ്പോളെന്നെ-
പരിഹസ്സിക്കുന്നുണ്ടെന്നു.

അരുത്...
ഞാന്‍ പറഞ്ഞില്ലേ -
യാത്രയില്‍ ജീവിതമില്ലെന്നു...

Friday, July 20, 2012



അര്‍ത്ഥ വ്യത്യാസം
 
എന്‍റെ ശരികളിലെ -
തെറ്റുകള്‍ അടര്‍ത്തിയെടുത്തു നീ -
വിചാരണക്ക് വെക്കുമ്പോള്‍
വധ ശിക്ഷയില്‍
കുറഞ്ഞതൊന്നും -ഞാന്‍
ആഗ്രഹിക്കുന്നില്ല.

വാക്കുകളില്‍ അര്‍ത്ഥ വ്യത്യാസം
മൂര്ത്തമാകുമ്പോള്‍ -
ഉഷ്ണമാപിനികള്‍ പോലും  പൊട്ടി ചിതറും.


 ഇത്തിള്‍ കണ്ണി

എന്നിലേക്ക്‌ പടര്‍ന്നു കയറുന്ന
ഇത്തിള്‍ കണ്ണിയാണ് നീ.
അടര്‍ത്തി മാറ്റിയാലും വീണ്ടും -
അടരാതെ പടരുന്ന
ഇത്തിള്‍ കണ്ണി.
എങ്കിലും...നീയെന്റെ-
ഒരു സ്വകാര്യ അഹങ്കാരമാണ് ...

Monday, July 16, 2012

നിശാഗന്ധി

നിദ്രയില്‍ നിന്നുണര്‍ത്തി-
എന്റെ  ചിന്തകള്‍ക്ക്,
ചിറകുകള്‍  നല്‍കിയ-
നിശാഗന്ധി പൂവിന്...

മാറാല കെട്ടി ജീര്‍ണിച്ച-
യെന്റെ കവിതാപുസ്തകം,
വീണ്ടും തുറന്നിരിക്കുന്നു.

നിഴലുകള്‍ പോലും കൂട്ടി-
നില്ലാതിരുന്ന നടവഴികളില്‍,
ജീവിതത്തിന്റെ നരച്ച -
വെയിലേറ്റ  പകലുകളില്‍,
മരണം മണത്ത രാവുകളില്‍,
പൂത്ത്, തളിര്‍ത്ത്‌  നീ-
എന്നുമുണ്ടായിരുന്നു.

താളുകള്‍ ഓര്‍ത്തുവെക്കാന്‍ 
നീ തന്ന മയില്‍‌പ്പീലി തണ്ടുകള്‍,
വാക്കുകള്‍ ഇടമുറിഞ്ഞു വീണ-
എന്റെ ജീവിത പുസ്തകത്തില്‍,
വെറുതെയിരുന്നു മിഴി-
നീര്‍ പൊഴിച്ചു.

ഊഷരമായ മനസ്സിലേക്ക് -
ഒരല്പം സുഗന്ധമായി,
ഒരിറ്റു മഴത്തുള്ളിയായ് ,
നീ വീണ്ടും  അണഞ്ഞിടില്‍,
നിശാഗന്ധി... ഞാനെത്ര ധന്യന്‍.

Sunday, April 15, 2012

ദൈവത്തിന്റെ ദാസികള്

ശിരോവസ്ത്രത്തിനു താഴെ-
കണ്‍തടങ്ങളില്‍ -
പ്രളയം

വരിഞ്ഞു മുറുകിയ-
ആത്മാവില്‍
ഒറ്റപെടലിന്റെ -
വിങ്ങല്‍.

അതിര് വിട്ട -
ബാല്യത്തിനു മേല്-
അമ്മയുടെ ശാസന.
അരുത്... നീ ദൈവത്തിന്റെ -
ദാസിയാണ്.

ആര്‍ക്കു വേണ്ടി ?
ദൈവത്തിനു  വേണ്ടിയോ ...  ?
ഒരു നേര്ച്ച കോഴിയുടെ -
വിലാപം.

പ്രേമത്തിനും
പ്രളയത്തിനുമൊടുക്കം -
പൊരുത്ത പെടാനാവാത്ത -
നിസ്സന്ഗത...

ഇനി... നിനക്ക് മുന്നില്‍ -
നിസ്സഹായായ്‌ ഞാനും -
എനിക്ക് മുന്നില്‍ -
നിസ്സഹാനായ്‌  കുരിശ്ശില്‍ -
നീയും - ഒടുങ്ങാത്ത പ്രാര്‍ത്ഥന.
 ‍

Monday, April 2, 2012

ബലികാക്കകള്‍

 

ഒരിക്കല്‍ മാത്രമേ അവര്‍
 എന്നെ കൈകൊട്ടി വിളിക്കാര്‍ ഉള്ളൂ...

ചിലപ്പോള്‍ ഏതെങ്കിലും
പുഴയുടെ ഓരത്ത്...
അതുമല്ലെങ്കില്‍ തൊടിയിലെ -
മരണം മണക്കുന്ന-
ചാര തറയില്‍...
ചിലപ്പോള്‍ കടലോരത്ത്...

കറുപ്പിനെ വെറുക്കുന്നവര്...‍
മുറ്റത്ത്‌ വെറുതെ-
ഇറങ്ങുമ്പോളും, കറങ്ങുമ്പോളും-
നീട്ടി തുപ്പിയും...
ഉറക്കെ ആട്ടി പായ്ച്ചും-
കറുപ്പിനെ വെറുക്കുന്നവര്...‍
അപ്പോള്‍ ഞങ്ങള്‍
ചിലപ്പോള്‍ മരണത്തെ
സ്നേഹിച്ചു പോകും-
തെറ്റാണെന്ന് അറിഞ്ഞിട്ടും.

ബലി തറയില്‍ അല്ലാതെ-
അല്പം ദയ, ഒരു നോട്ടം,
ഒരു വര്‍ത്തമാനം-
ചിലപ്പോഴൊക്കെ അല്പം മധുരം -
അറിഞ്ഞുകൊണ്ട്.
അത്രയൊക്കെയേ -
ഞങ്ങള്‍ ആഗ്രഹിക്കാര്‍ ഉള്ളൂ...





വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...