ഹൃദയാഴങ്ങളിലേക്കിറങ്ങുമ്പോൾ - കവിതകളാൽ ചുറ്റപ്പെടുന്നു.
കാഴ്ചയിൽ
കവിതപൂക്കുന്നു
വാക്കുകളിൽ നീ ഞാനും-
ഞാൻ നീയുമാകുന്നു.
അനാഥത്വങ്ങളിൽ-
നോവ് പൊട്ടുന്നു,
മൗനവഴിയിൽ-
വിശപ്പ് രുചിയ്ക്കുന്നു
നിലാവ് കണ്ട്
ഏകാന്തപ്പെട്ടവന്,
നിഴൽ കണ്ട്-
പ്രണയം പൂക്കുന്നു.
ഓലക്കീറുകൾക്കിടയിലൂടെ
ഒളിച്ചു കയറിയ നിലാവ്
തിരിച്ചു പോവാനാവാതെ
കൂരയിൽ കുരുങ്ങിക്കിടക്കുന്നു
കടൽ വിരിയിച്ചൊരു-
കരിമേഘ പക്ഷി
നിലാവിനെ വിഴുങ്ങുന്നു
ഇരുൾ പടരുന്നു.
ജനിമൃതികളുടെ-
സന്ദേഹങ്ങളില്ലാതൊരു-
പുഴ,
മഞ്ഞു മലകളുടെ
ഗർഭപാത്രത്തിൽ നിന്നുറവപൊട്ടി-
ആർത്ത്പെയ്യുന്നു.
വലത്തോട്ട് പോരിട്ട്-
മേഞ്ഞ കൂരയുടെ
നഗ്നതയിലൂടെ
ചോർന്നിറങ്ങുന്ന-
നശിച്ച മഴ.
തൊടിയിൽ,
പടം പൊഴിച്ചപ്രത്യക്ഷമായ-
പാമ്പുകകളുടെ
സാമീപ്യം പോലൊരു ഭയം,
മനസ്സിൽ കൂട് കെട്ടുന്നു.
വെറ്റയും പുകയിലയും
കുഴഞ്ഞ മണം
അച്ഛനെ തിരയുന്നു-
നോവ് നിറയുന്നു.
ഓരോ കാഴ്ചയും-
ഓരോ കവിതയാണ്,
മനസ്സിൽ കൊരുക്കുന്ന കാഴ്ചകൾ,
കാണുന്നവന്റെ പ്രത്യയശാസ്ത്രമാണ്
No comments:
Post a Comment