കൂമ്പിച്ചൽകടവ് ഏകാധ്യാപക ട്രൈബൽ വിദ്യാലയത്തിലേക്കുള്ള യാത്രയിൽ കൂടുതലും രവിയുടെ ചെതലിമലയിലെ ഏകാധ്യാപക വിദ്യാലയമായിരുന്നു മനസ്സിൽ. അമ്പൂരിയിൽ നിന്നും കൂമ്പിച്ചൽകടവിലേക്കുള്ള യാത്രയ്ക്കൊടുവിൽ നെയ്യാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തെ ഒരു കടവിൽ എത്തിച്ചേർന്നു. ഇനി അങ്ങോട്ടുള്ള യാത്ര തോണിയിലാണ്. കടത്തുകാരൻ അക്കരെയാണ്. അക്കരെ കാട്ടുമലയുടെ അടിവാരത്ത് കാടിറങ്ങി കടവിലേക്ക് ഒരു മൺറോഡ് കിതച്ചു നിൽപ്പുണ്ട്. തോണിയിൽ കുറച്ചുപേർ ഇരിപ്പുണ്ട്. കടത്തുകാരൻ തോണിയിലേറി തുഴയെറിയാൻ തുടങ്ങിയപ്പോൾ കാട്ടിനകത്ത് നിന്നും ഒരു കൂവി വിളി കാറ്റിനോടൊപ്പം കടവിലേക്ക് ഒഴുകി ഇറങ്ങി വന്ന് പുഴയിലേക്ക് ചിതറി തെറിച്ചുപോയി. കടത്തുകാരന്റെ മറുപടി കൂക്കുവിളി തിങ്ങി നിന്ന കാട്ടുമരങ്ങൾക്കിടയിൽ തട്ടി ചിലമ്പിച്ച് നിന്നു. നിശബ്ദമായ കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഒരു കുറിയ മനുഷ്യൻ കാട്ടുവഴികൾക്കിടയിൽ നിന്നും തോണിയിലേക്ക് ഓടിക്കയറി. ഇക്കരയിൽ ഞങ്ങൾ കുറച്ചുപേർ തോണിക്കായ് കാത്തിരിപ്പുണ്ട്. ഏകാധ്യാപക വിദ്യാലയത്തിലേക്കാണെന്നു പറഞ്ഞപ്പോൾ, തേരി കയറി ഇറങ്ങി വരുമ്പോൾ ഈ ചിരി ഉണ്ടാവില്ല എന്ന് പറഞ് ഞങ്ങളുടെ ആത്മവിശ്വാസത്തിന്റെ കടക്കൽ ഒരു വലിയ കത്തി എടുത്ത് വെച്ചു, ഒരു സഹയാത്രികൻ. തോണി ഇക്കര എത്തി ആളുകളെല്ലാം ഇറങ്ങിയപ്പോൾ ഞങ്ങൾ സ്കൂളിലെ കുട്ടികൾക്കായുള്ള അട്ടപ്പാടിയിലെ അമ്മമാർ ഉണ്ടാക്കിയ കാർത്തുമ്പി ബാഗും കുടയും കയറ്റി തോണി വീണ്ടും അക്കരയ്ക്കു തുഴഞ്ഞു. തേരി കയറി ഒന്നര മണിക്കൂറോളം നടന്നാൽ സ്കൂൾ എത്തുമെന്ന് കടത്തുകാരൻ പറഞ്ഞത് ഞങ്ങൾ ലാഘവത്തോടെ എടുത്തെങ്കിലും യാത്ര ക്ലേശകരമായിരിക്കുമെന്ന സൂചന അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്നുമറിഞ്ഞു . കടത്തിറങ്ങിയപ്പോൾ കാടിന്റെ കാറ്റ് ശരീരമാകെ തണുപ്പിച്ചു പുതച്ചു നിന്നു. ചെതലിമലയിലെ കരിന്തഴകൾക്കിടയിലൂടെ കാറ്റ് വീശുന്ന ഖസാക്കിലെ പള്ളിക്കൂടം വീണ്ടുമോർമ്മയിൽ വന്നു. രവിയും, നൈസാമലിയും, അള്ളാപിച്ച മൊല്ലാക്കയും, മൈമൂനയും കാറ്റിനോടൊപ്പം കടവത്ത് വന്നു. കടത്തുകാരൻ കാട്ടിയ വഴിയിലൂടെ ഞങ്ങൾ അഞ്ചുപേർ മുന്നോട്ട് നടന്നു. നാട്ടുവഴിയുടെ ഒരു വശം ജലസംഭരണ പ്രദേശവും മറുവശം ഇടതൂർന്നു നിൽക്കുന്ന മരങ്ങളുമാണ് .ഒ വി വിജയൻ ഖസാക്കിന്റെ ഇതിഹാസം എഴുതിയിട്ട് അൻപതു വര്‍ഷം പിന്നിട്ടു. ഭൂപരിഷ്കരണം വന്നു, കേരളത്തിലെ മുക്കിലും മൂലയിലും ടെക്നോപാർക്കുകളും, ഇൻഫോപാർക്കുകളും വന്നു. നവോത്ഥാനം പലരൂപത്തിലും ഭാവത്തിലും വന്നു എന്നിട്ടും അഭിജാത്യത്തിന്റെയും, നിറത്തിന്റെയും ഉഷ്ണചൂളയിൽ പെട്ട് ഇപ്പോഴും കുറെയേറെപ്പേർ കാട്ടിൽ കഴിയുന്നു, മണ്ണിന്റെ യഥാർത്ഥ ഉടമസ്ഥർ. കാട്ടരുവികൾ മാത്രം വിഭജിച്ച അതിരുകളെ അണകെട്ടി നഗരത്തിലേക്കുള്ള വെള്ളത്തിനും വൈദ്യുതിക്കും വേണ്ടി നാഗരികർ അവരുടെ ആവാസവ്യവസ്ഥയെ തകിടംമറിച്ചു. കുടിയേറ്റക്കാരാലും, നഗരവികസനത്തിന്റെ പേരിലും അവരുടെ കൃഷിഭൂമിയിൽ നിന്നും മുറിവേൽക്കപ്പെട്ടവർ തിരികെ കാട് കയറി. അണകെട്ടുകളാൽ മുങ്ങിപ്പോയ ഗ്രാമങ്ങളെക്കുറിച്ചും അവിടെ ജീവിച്ചിരുന്ന ജനതെയെക്കുറിച്ചും ആരാണ് ഓർക്കുന്നത്. ഞങ്ങളും മല കയറാൻ തുടങ്ങിയിരുന്നു. കുത്തനെയുള്ള കയറ്റം ഞങ്ങളുടെ കാലുകൾക്കു അപരിചിതമായ കാലനക്കങ്ങൾ തന്നു. വഴിയരികിലെ ഓരോ പാറക്കൂട്ടങ്ങളും ഞങ്ങളുടെ വിശ്രമ കേന്ദ്രങ്ങളായി. കുറച്ചു ചെന്നപ്പോൾ ഒരു പ്രായമേറിയ അമ്മ കൂനിക്കൂടി മല കയറുന്നതു കണ്ടു, കൂടെ ഒരു മധ്യവയസ്കയും. രണ്ടുപേരും ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാൻ മലയിറങ്ങിയതാണെന്നു പറഞ്ഞു. പ്രായമേറിയ അമ്മ ഇന്നലെ വീട്ടിൽ നിന്നിറങ്ങിയതാണ്, ഇക്കരെ ഒരു ബന്ധു വീട്ടിൽ തങ്ങി രാവിലെ കാർഡ് പുതുക്കി മലകയറാൻ തുടങ്ങിയതാണ്. ഇപ്പോൾ കയറുന്ന മലകയറി ഇറങ്ങി ഒരു മലകൂടി കയറി വേണം കുടിയെത്താൻ. ഇനിയും അഞ്ചു മണിക്കൂറോളം നടന്ന് കയറണമത്രെ! മൺറോഡ് ചുരുങ്ങി ചുരുങ്ങി ഒറ്റയടിപാത ആയിരിക്കുന്നു. ദുർഘടമായ കയറ്റം യാത്രയുടെ വേഗം വല്ലാതെ കുറച്ചിരുന്നു . ഉഷ ടീച്ചർ എല്ലാ ദിവസവും കടത്തിറങ്ങി ഈ ദുർഘടമായ പാതയിലൂടെ ആണ് സ്കൂളിൽ തുച്ഛമായ ദിവസവേതനത്തിൽ ജോലിക്കായി എത്തുന്നത്. പാതക്കിരുവശവുമുള്ള മുളങ്കാടുകളിൽ കാറ്റിരമ്പി. വെയിൽ വെട്ടം വീഴാത്ത കാട്ടുവഴികളിലൂ ഞങ്ങൾ അല്പം നിരപ്പായ പ്രദേശത്തെത്തിച്ചേർന്നു. കുറച്ച് അകലെ എവിടെ നിന്നോ കുട്ടികളുടെ കലപില ശബ്ദങ്ങൾ കേൾക്കാം. സ്കൂളിന് അടുത്തെത്തിയിരിക്കുന്നു. ഞങ്ങളുടെ ശബ്ദം കേട്ടപ്പോൾ ഉഷ ടീച്ചർ ഇറങ്ങിവന്നു. വിദ്യാലയം എന്ന് പറയാൻ ഒന്നുമില്ല. ഒരു അംഗനവാടിയുടെ അത്രയും വലിപ്പമുള്ള ഒരു മുറി. 15 കുട്ടികളുണ്ട് ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലേക്ക്. എല്ലാവരും ഇരിക്കുന്നത് ഒരു മുറിയിൽ. കുട്ടികൾ എല്ലാം വളരെ സന്തോഷത്തിലാണ് ഉച്ച ഭക്ഷണം കഴിഞ്ഞു കളിക്കുന്ന തിരക്ക്. ഒരു ദിവസത്തേക്ക് എട്ട് രൂപയാണ് ഒരു കുട്ടിക്ക് വേണ്ടി ഗവൺമെന്റ് നീക്കിവച്ചിരിക്കുന്നത്. കുട്ടികൾക്ക് മൂന്നുനേരവും ഭക്ഷണം കൊടുക്കുന്ന വിദ്യാലയത്തിന് എട്ടുരൂപ എന്താകാൻ. കുറെ സുമനസ്സുകളുടെ സഹായത്താൽ ദിവസവും ഭക്ഷണം കൊടുക്കാൻ കഴിയുന്നു. ഒരു മഴ മതി കുട്ടികളുടെ പഠിത്തം മുടക്കാൻ. ഉഷ ടീച്ചർ ആവേശത്തിലാണ്, ആളുകൾ പുഴ കയറി മല കയറി ഇവിടെ എത്തുന്നത് വളരെ അപൂർവ്വം. കുട്ടികൾക്കായുള്ള കാർത്തുമ്പി കുടയും, കാർത്തുമ്പി ബാഗും ഒപ്പം ഒരു ഷീറ്റും നൽകി. ബുക്കുകളും പെൻസിലുകളും കുറേ സുമനസ്സുകൾ നൽകിയിരിക്കുന്നു. സത്യത്തിൽ സ്വയം അറപ്പ് തോന്നുന്നു. അവരുടെ മണ്ണ് കയ്യേറി, വിഭവങ്ങൾ കൊള്ളയടിച്ചു എന്നിട്ട് നാം ഔദാര്യം പോലെ അവർക്ക് വിഭവങ്ങൾ എത്തിച്ചുകൊടുക്കുന്നു, അതിന്റെ മേനി പറയുന്നു. കുട്ടികളുടെ പാട്ടും കളിയും എല്ലാം കേട്ട് തിരിച്ചിറങ്ങുമ്പോൾ മനസ്സ് ശൂന്യമായിരുന്നു
Friday, August 23, 2019
Subscribe to:
Posts (Atom)
വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...
-
ഭയം അകക്കാടിന്റെ വന്യമായ നിശബ്ദദയെക്കാള്‍ എനിക്ക് ഭയം നിന്റെ മൌനമാണ്. രാത്രിയുടെ രൌദ്ര ഭാവത്തെക്കാള്‍ ഭയം പകലിലെ ചില- നിഴലനക്ക...
-
മഴ നനഞ്ഞ മരങ്ങള്‍ മഴ നനഞ്ഞ മരങ്ങള്‍ തളിരിടുന്നതു, വരണ്ട വേനലില്‍ അവ- അടക്കി വെച്ച ജീവിതമാണ്. ഭൂമിയിലെ ദു:ഖങ്ങള്‍ ഘനീഭവിപ്പിച്ചാണ് ആകാശ...
-
സ്നേഹത്തിന്റെയും (മരണത്തിന്റെയും) ഗസല്‍ നിലാവ് പെയ്യുന്നയീ- രാത്രിയില്‍--- നിശാഗന്ധി പൂവിന്റെ- സുഗന്ധത്തില്‍ ഒരു ഗസലിന്റെ- ഈ...