കൂമ്പിച്ചൽകടവ് ഏകാധ്യാപക ട്രൈബൽ വിദ്യാലയത്തിലേക്കുള്ള യാത്രയിൽ കൂടുതലും രവിയുടെ ചെതലിമലയിലെ ഏകാധ്യാപക വിദ്യാലയമായിരുന്നു മനസ്സിൽ. അമ്പൂരിയിൽ നിന്നും കൂമ്പിച്ചൽകടവിലേക്കുള്ള യാത്രയ്ക്കൊടുവിൽ നെയ്യാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തെ ഒരു കടവിൽ എത്തിച്ചേർന്നു. ഇനി അങ്ങോട്ടുള്ള യാത്ര തോണിയിലാണ്. കടത്തുകാരൻ അക്കരെയാണ്. അക്കരെ കാട്ടുമലയുടെ അടിവാരത്ത് കാടിറങ്ങി കടവിലേക്ക് ഒരു മൺറോഡ് കിതച്ചു നിൽപ്പുണ്ട്. തോണിയിൽ കുറച്ചുപേർ ഇരിപ്പുണ്ട്. കടത്തുകാരൻ തോണിയിലേറി തുഴയെറിയാൻ തുടങ്ങിയപ്പോൾ കാട്ടിനകത്ത് നിന്നും ഒരു കൂവി വിളി കാറ്റിനോടൊപ്പം കടവിലേക്ക് ഒഴുകി ഇറങ്ങി വന്ന് പുഴയിലേക്ക് ചിതറി തെറിച്ചുപോയി. കടത്തുകാരന്റെ മറുപടി കൂക്കുവിളി തിങ്ങി നിന്ന കാട്ടുമരങ്ങൾക്കിടയിൽ തട്ടി ചിലമ്പിച്ച് നിന്നു. നിശബ്ദമായ കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഒരു കുറിയ മനുഷ്യൻ കാട്ടുവഴികൾക്കിടയിൽ നിന്നും തോണിയിലേക്ക് ഓടിക്കയറി. ഇക്കരയിൽ ഞങ്ങൾ കുറച്ചുപേർ തോണിക്കായ് കാത്തിരിപ്പുണ്ട്. ഏകാധ്യാപക വിദ്യാലയത്തിലേക്കാണെന്നു പറഞ്ഞപ്പോൾ, തേരി കയറി ഇറങ്ങി വരുമ്പോൾ ഈ ചിരി ഉണ്ടാവില്ല എന്ന് പറഞ് ഞങ്ങളുടെ ആത്മവിശ്വാസത്തിന്റെ കടക്കൽ ഒരു വലിയ കത്തി എടുത്ത് വെച്ചു, ഒരു സഹയാത്രികൻ. തോണി ഇക്കര എത്തി ആളുകളെല്ലാം ഇറങ്ങിയപ്പോൾ ഞങ്ങൾ സ്കൂളിലെ കുട്ടികൾക്കായുള്ള അട്ടപ്പാടിയിലെ അമ്മമാർ ഉണ്ടാക്കിയ കാർത്തുമ്പി ബാഗും കുടയും കയറ്റി തോണി വീണ്ടും അക്കരയ്ക്കു തുഴഞ്ഞു. തേരി കയറി ഒന്നര മണിക്കൂറോളം നടന്നാൽ സ്കൂൾ എത്തുമെന്ന് കടത്തുകാരൻ പറഞ്ഞത് ഞങ്ങൾ ലാഘവത്തോടെ എടുത്തെങ്കിലും യാത്ര ക്ലേശകരമായിരിക്കുമെന്ന സൂചന അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്നുമറിഞ്ഞു . കടത്തിറങ്ങിയപ്പോൾ കാടിന്റെ കാറ്റ് ശരീരമാകെ തണുപ്പിച്ചു പുതച്ചു നിന്നു. ചെതലിമലയിലെ കരിന്തഴകൾക്കിടയിലൂടെ കാറ്റ് വീശുന്ന ഖസാക്കിലെ പള്ളിക്കൂടം വീണ്ടുമോർമ്മയിൽ വന്നു. രവിയും, നൈസാമലിയും, അള്ളാപിച്ച മൊല്ലാക്കയും, മൈമൂനയും കാറ്റിനോടൊപ്പം കടവത്ത് വന്നു. കടത്തുകാരൻ കാട്ടിയ വഴിയിലൂടെ ഞങ്ങൾ അഞ്ചുപേർ മുന്നോട്ട് നടന്നു. നാട്ടുവഴിയുടെ ഒരു വശം ജലസംഭരണ പ്രദേശവും മറുവശം ഇടതൂർന്നു നിൽക്കുന്ന മരങ്ങളുമാണ് .ഒ വി വിജയൻ ഖസാക്കിന്റെ ഇതിഹാസം എഴുതിയിട്ട് അൻപതു വര്ഷം പിന്നിട്ടു. ഭൂപരിഷ്കരണം വന്നു, കേരളത്തിലെ മുക്കിലും മൂലയിലും ടെക്നോപാർക്കുകളും, ഇൻഫോപാർക്കുകളും വന്നു. നവോത്ഥാനം പലരൂപത്തിലും ഭാവത്തിലും വന്നു എന്നിട്ടും അഭിജാത്യത്തിന്റെയും, നിറത്തിന്റെയും ഉഷ്ണചൂളയിൽ പെട്ട് ഇപ്പോഴും കുറെയേറെപ്പേർ കാട്ടിൽ കഴിയുന്നു, മണ്ണിന്റെ യഥാർത്ഥ ഉടമസ്ഥർ. കാട്ടരുവികൾ മാത്രം വിഭജിച്ച അതിരുകളെ അണകെട്ടി നഗരത്തിലേക്കുള്ള വെള്ളത്തിനും വൈദ്യുതിക്കും വേണ്ടി നാഗരികർ അവരുടെ ആവാസവ്യവസ്ഥയെ തകിടംമറിച്ചു. കുടിയേറ്റക്കാരാലും, നഗരവികസനത്തിന്റെ പേരിലും അവരുടെ കൃഷിഭൂമിയിൽ നിന്നും മുറിവേൽക്കപ്പെട്ടവർ തിരികെ കാട് കയറി. അണകെട്ടുകളാൽ മുങ്ങിപ്പോയ ഗ്രാമങ്ങളെക്കുറിച്ചും അവിടെ ജീവിച്ചിരുന്ന ജനതെയെക്കുറിച്ചും ആരാണ് ഓർക്കുന്നത്. ഞങ്ങളും മല കയറാൻ തുടങ്ങിയിരുന്നു. കുത്തനെയുള്ള കയറ്റം ഞങ്ങളുടെ കാലുകൾക്കു അപരിചിതമായ കാലനക്കങ്ങൾ തന്നു. വഴിയരികിലെ ഓരോ പാറക്കൂട്ടങ്ങളും ഞങ്ങളുടെ വിശ്രമ കേന്ദ്രങ്ങളായി. കുറച്ചു ചെന്നപ്പോൾ ഒരു പ്രായമേറിയ അമ്മ കൂനിക്കൂടി മല കയറുന്നതു കണ്ടു, കൂടെ ഒരു മധ്യവയസ്കയും. രണ്ടുപേരും ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാൻ മലയിറങ്ങിയതാണെന്നു പറഞ്ഞു. പ്രായമേറിയ അമ്മ ഇന്നലെ വീട്ടിൽ നിന്നിറങ്ങിയതാണ്, ഇക്കരെ ഒരു ബന്ധു വീട്ടിൽ തങ്ങി രാവിലെ കാർഡ് പുതുക്കി മലകയറാൻ തുടങ്ങിയതാണ്. ഇപ്പോൾ കയറുന്ന മലകയറി ഇറങ്ങി ഒരു മലകൂടി കയറി വേണം കുടിയെത്താൻ. ഇനിയും അഞ്ചു മണിക്കൂറോളം നടന്ന് കയറണമത്രെ! മൺറോഡ് ചുരുങ്ങി ചുരുങ്ങി ഒറ്റയടിപാത ആയിരിക്കുന്നു. ദുർഘടമായ കയറ്റം യാത്രയുടെ വേഗം വല്ലാതെ കുറച്ചിരുന്നു . ഉഷ ടീച്ചർ എല്ലാ ദിവസവും കടത്തിറങ്ങി ഈ ദുർഘടമായ പാതയിലൂടെ ആണ് സ്കൂളിൽ തുച്ഛമായ ദിവസവേതനത്തിൽ ജോലിക്കായി എത്തുന്നത്. പാതക്കിരുവശവുമുള്ള മുളങ്കാടുകളിൽ കാറ്റിരമ്പി. വെയിൽ വെട്ടം വീഴാത്ത കാട്ടുവഴികളിലൂ ഞങ്ങൾ അല്പം നിരപ്പായ പ്രദേശത്തെത്തിച്ചേർന്നു. കുറച്ച് അകലെ എവിടെ നിന്നോ കുട്ടികളുടെ കലപില ശബ്ദങ്ങൾ കേൾക്കാം. സ്കൂളിന് അടുത്തെത്തിയിരിക്കുന്നു. ഞങ്ങളുടെ ശബ്ദം കേട്ടപ്പോൾ ഉഷ ടീച്ചർ ഇറങ്ങിവന്നു. വിദ്യാലയം എന്ന് പറയാൻ ഒന്നുമില്ല. ഒരു അംഗനവാടിയുടെ അത്രയും വലിപ്പമുള്ള ഒരു മുറി. 15 കുട്ടികളുണ്ട് ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലേക്ക്. എല്ലാവരും ഇരിക്കുന്നത് ഒരു മുറിയിൽ. കുട്ടികൾ എല്ലാം വളരെ സന്തോഷത്തിലാണ് ഉച്ച ഭക്ഷണം കഴിഞ്ഞു കളിക്കുന്ന തിരക്ക്. ഒരു ദിവസത്തേക്ക് എട്ട് രൂപയാണ് ഒരു കുട്ടിക്ക് വേണ്ടി ഗവൺമെന്റ് നീക്കിവച്ചിരിക്കുന്നത്. കുട്ടികൾക്ക് മൂന്നുനേരവും ഭക്ഷണം കൊടുക്കുന്ന വിദ്യാലയത്തിന് എട്ടുരൂപ എന്താകാൻ. കുറെ സുമനസ്സുകളുടെ സഹായത്താൽ ദിവസവും ഭക്ഷണം കൊടുക്കാൻ കഴിയുന്നു. ഒരു മഴ മതി കുട്ടികളുടെ പഠിത്തം മുടക്കാൻ. ഉഷ ടീച്ചർ ആവേശത്തിലാണ്, ആളുകൾ പുഴ കയറി മല കയറി ഇവിടെ എത്തുന്നത് വളരെ അപൂർവ്വം. കുട്ടികൾക്കായുള്ള കാർത്തുമ്പി കുടയും, കാർത്തുമ്പി ബാഗും ഒപ്പം ഒരു ഷീറ്റും നൽകി. ബുക്കുകളും പെൻസിലുകളും കുറേ സുമനസ്സുകൾ നൽകിയിരിക്കുന്നു. സത്യത്തിൽ സ്വയം അറപ്പ് തോന്നുന്നു. അവരുടെ മണ്ണ് കയ്യേറി, വിഭവങ്ങൾ കൊള്ളയടിച്ചു എന്നിട്ട് നാം ഔദാര്യം പോലെ അവർക്ക് വിഭവങ്ങൾ എത്തിച്ചുകൊടുക്കുന്നു, അതിന്റെ മേനി പറയുന്നു. കുട്ടികളുടെ പാട്ടും കളിയും എല്ലാം കേട്ട് തിരിച്ചിറങ്ങുമ്പോൾ മനസ്സ് ശൂന്യമായിരുന്നു
Friday, August 23, 2019
Sunday, October 14, 2018
ഹിന്ദു ഒരു സംസ്കാരം ആണ്. അതിനെ ഒരു മതമാക്കിയത് ക്രിസ്തുമതത്തിനും ഇസ്ലാംമതത്തിനും ശേഷമാണ് ഇതിനും മുൻപേ ബുദ്ധ മതവും ജൈനമതവും ഉണ്ടായിരുന്നു. ഇനി ഒറ്റകാര്യം ഈ മതത്തിൽപെട്ട ദൈവങ്ങൾക്കൊന്നും മനുഷ്യരുടെ ജനനവും മരണവുമായി ഒരു ബന്ധവും ഇല്ല. കാരണം നമ്മുടെ പൂർവികർ ഇപ്പോൾ പറയുന്ന ദൈവങ്ങൾക്കും മുൻപ് ജനിച്ചവരാണ്. അതായത് ഇപ്പോളുള്ള ദൈവങ്ങളെക്കാളും മുൻപേ ഇവിടെ മനുഷ്യകുലം ഉണ്ട്. അപ്പോൾ പിന്നെ നമ്മുടെ ജനനവുമായി ഇവർക്കെന്തു ബന്ധം. മതങ്ങൾ രൂപീകൃതമായ ശേഷം നമ്മുടെ പൂർവികർ ഏതോ മതത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയാണ് ഉണ്ടായത്.അതിന് കാരണം അതാതു കാലത്തിന്റെ, ദേശത്തിന്റെ സവിശേഷതയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ആചാരങ്ങളും മനുഷ്യനായി നിർമ്മിക്കപെട്ടവയാണ്. ക്രിസ്ത്യാനി ആകണമെങ്കിൽ മാമോദീസ കൂടണമെന്നുള്ളത് ഒരു വിഭാഗത്തിന്റെ ആചാരമാണ്. അല്ലാത്തവരും ക്രിസ്തുവിനെ പിൻതുടരുന്നുണ്ട്. അത് പോലെ തന്നെ ഇസ്ലാം ആകണമെങ്കിലും അവരുടേതായ ആചാരരീതികൾ ഉണ്ട്. മതവുമായി ബന്ധപെട്ടു നിൽക്കുന്ന ആചാരങ്ങളെല്ലാം അതാതു മതങ്ങളിൽ ഒരു പൗരോഹിത്യ വിഭാഗത്തിനെ വളർത്തിയെടുക്കാൻ മാത്രം സഹായിക്കുന്നതാണ്. മതത്തിന്‍റെ അധികാര കേന്ദ്രീകരണം അവിടെയാണ് നടക്കുന്നത്. ഹിന്ദുമതത്തിൽ അതാതു അമ്പലവുമായി ബന്ധപെട്ടു നിൽക്കുന്ന ആചാരങ്ങൾ ആണ്. മനുഷ്യ നിർമ്മിതവുമാണ്. ഹിന്ദു മതത്തിലെ എത്രയോ ആചാരങ്ങൾ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ശബരിമലയിലെ എത്രയോ ആചാരങ്ങൾ ഉപേഷിക്കപ്പെട്ടിരിക്കുന്നു. ആര്‍ത്തവം പ്രകൃതിയില്‍ മനുഷ്യന്‍റെ പ്രത്യുല്പാദന പ്രക്രിയയുടെ അവിഭാജ്യ ഘടകമാണ്. മാസത്തില്‍ ഒരിക്കല്‍ പുറംതള്ളുന്ന ആര്‍ത്തവരക്തം മനുഷ്യന്‍ നിത്യേന പുറംതള്ളുന്ന മലത്തെക്കള്‍ മലിനമാണെന്നും അശുദ്ധമാണെന്നും പറയുന്ന ആചാരപെരുമക്കാര്‍ ഒന്ന് ഇരുന്ന് ചിന്തിക്കണം, അശുദ്ധി എന്തിനാണെന്ന്. മലയരന്മാരും മറ്റ് പിന്നോക്ക വിഭാഗവും ഇതുപോലെയുള്ള ആചാരപ്രക്രീയയില്‍ നിന്നും പുറംതള്ളിയവരാണ്. ആചാരങ്ങളിൽ നിന്ന് വ്യതിചലിച്ച അന്നൊന്നും നഷ്ടപ്പെടാത്ത ശബരിമലയുടെ ചൈതന്യം ആര്‍ത്തവ സ്ത്രീകളാല്‍ പൊടുന്നനെ നഷ്ടപ്പെടുന്നു എന്ന് പറയുന്നവര്‍, സുപ്രീം കോടതിയുടെ മഹത്തരമായ വിധിയാല്‍ പൗരോഹിത്യ അധികാര കേന്ദ്രം അവര്‍ക്ക് നഷ്ടപ്പെടുമെന്ന ഭയത്തിലാണ് . ഭൂമിയിൽ മനുഷ്യൻ ആയി പിറന്നത് ഒരു മഹാത്ഭുതം തന്നെയാണ്. ആർത്തവരക്തത്താൽ, പ്രത്യുല്പ്പാദന പ്രക്രീയയാൽ പ്രകൃതിയും മനുഷ്യകുലവും മഹത്വപ്പെട്ടിരിക്കിന്നു
ആർത്തവം പൂത്ത വഴികളിലൂടെ,
ജനിമൃതികളുടെ സന്ദേഹങ്ങളില്ലാതെ,
ഒഴുകിയെത്തിയവനാണ്.
ജനിമൃതികളുടെ സന്ദേഹങ്ങളില്ലാതെ,
ഒഴുകിയെത്തിയവനാണ്.
അശുദ്ധമെന്ന് വിധിക്കപ്പെട്ട-
വിശുദ്ധ രക്തത്തിന്റെ-
ആവര്‍ത്തന പുറംതള്ളലാല്‍ മാത്രം,
പൂവിട്ടവൻ.
വിശുദ്ധ രക്തത്തിന്റെ-
ആവര്‍ത്തന പുറംതള്ളലാല്‍ മാത്രം,
പൂവിട്ടവൻ.
തിരിഞ്ഞൊന്നുറച്ചു നോക്കിയാൽ -
തീരുന്നൊരാചാരപെരുമയെ,
കാലം നോക്കി പരിഹസിക്കും മുൻപേ-
മകളോട്, സഖിയോട്,അമ്മയോട്, പെങ്ങളോട് -
ഉറക്കെ പറയണം,
ചിലപ്പോഴെങ്കിലും കാലത്തിന് -
മുൻപേ നടക്കാൻ.
തീരുന്നൊരാചാരപെരുമയെ,
കാലം നോക്കി പരിഹസിക്കും മുൻപേ-
മകളോട്, സഖിയോട്,അമ്മയോട്, പെങ്ങളോട് -
ഉറക്കെ പറയണം,
ചിലപ്പോഴെങ്കിലും കാലത്തിന് -
മുൻപേ നടക്കാൻ.
ഊർന്നിറ്റു പോകുന്ന ഓരോ-
തുള്ളി രക്തത്തിലൂടെയും-
പ്രകൃതി
നിങ്ങളാൽ മഹത്വപ്പെട്ടിരിക്കുന്നു
തുള്ളി രക്തത്തിലൂടെയും-
പ്രകൃതി
നിങ്ങളാൽ മഹത്വപ്പെട്ടിരിക്കുന്നു
Monday, May 14, 2018
ഷാജുവെ,
രണ്ടടി പിന്നോട്ട് വായിച്ചെന്റെ ചിന്തകൾ
രണ്ടടി മുന്നോട്ട് പോയി ഉന്മത്തനായി
തലച്ചോറ് പൊട്ടിചിതറി ചിത്രശലഭങ്ങളായി
നൃത്തം വെക്കുന്നു .
രണ്ടടി പിന്നോട്ട് വായിച്ചെന്റെ ചിന്തകൾ
രണ്ടടി മുന്നോട്ട് പോയി ഉന്മത്തനായി
തലച്ചോറ് പൊട്ടിചിതറി ചിത്രശലഭങ്ങളായി
നൃത്തം വെക്കുന്നു .
ഷാജുവെ,
നിന്റെ പ്രണയ ഫോസിലുകൾ
വരുന്ന വിവാഹ വാർഷികത്തിന്റെ-
ഫേസ്ബുക്ക് സ്റ്റാറ്റസാക്കാമെന്നു പറഞ്ഞപ്പോളുറങ്ങി-
പോയതാണെന്റെ ഭാര്യ.
നിന്റെ പ്രണയ ഫോസിലുകൾ
വരുന്ന വിവാഹ വാർഷികത്തിന്റെ-
ഫേസ്ബുക്ക് സ്റ്റാറ്റസാക്കാമെന്നു പറഞ്ഞപ്പോളുറങ്ങി-
പോയതാണെന്റെ ഭാര്യ.
ഷാജുവെ,
നിന്റെ കവിതകൾ-
എന്റെ ഉറക്കത്തിലും-
മാസ്മരികമായ ചില ഗന്ധങ്ങൾ-
പുറപ്പെടുവിക്കുന്നുണ്ട്.
എത്രസാധാരണമാണ്,
എത്രസ്വഭാവികമാണ്,
എന്തെന്തത്ഭുതമാണ്.
നിന്റെ കവിതകൾ-
എന്റെ ഉറക്കത്തിലും-
മാസ്മരികമായ ചില ഗന്ധങ്ങൾ-
പുറപ്പെടുവിക്കുന്നുണ്ട്.
എത്രസാധാരണമാണ്,
എത്രസ്വഭാവികമാണ്,
എന്തെന്തത്ഭുതമാണ്.
വാക്കുകൾ പൂക്കുന്ന മരമാണ് നീ.
Tuesday, March 20, 2018
വയനാടി
നിന്നിലേക്കുള്ള ഓരോ യാത്രയും,
വരണ്ട പുഴയുടെ മഴ തേടലാണ്.
ആർത്തവം നിലച്ച ആകാശത്തിന്റെ
പൊള്ളലിൽ, വിണ്ടു കീറിയ പുഴപ്പാടുകളിലേക്ക് -
നീ അരുവിയായ് എന്നിലേക്കുറവ -
പൊട്ടണം
നിഴല് കുറുകുന്ന ഉച്ചവെയിലിൽ-
നെറുകയിൽ ചുംബിച്ച്,
ഒരോ അണുവിലും തണുപ്പ് പെയ്ത് നീ ഒഴുകി ഇറങ്ങണം
എനിക്കും നിനക്കുമിടയിലെ-
ഒരു മഴകാതമുപേക്ഷിച്ച്,
നിന്നിലേക്ക് മടങ്ങണം
എന്നിൽ വന്യതയുടെ ലഹരി നിറക്കുന്ന-
കാഴ്ചകൾ പൂക്കുന്ന-
കാടാണെനിക്ക് നീ...
വരണ്ട പുഴയുടെ മഴ തേടലാണ്.
ആർത്തവം നിലച്ച ആകാശത്തിന്റെ
പൊള്ളലിൽ, വിണ്ടു കീറിയ പുഴപ്പാടുകളിലേക്ക് -
നീ അരുവിയായ് എന്നിലേക്കുറവ -
പൊട്ടണം
നിഴല് കുറുകുന്ന ഉച്ചവെയിലിൽ-
നെറുകയിൽ ചുംബിച്ച്,
ഒരോ അണുവിലും തണുപ്പ് പെയ്ത് നീ ഒഴുകി ഇറങ്ങണം
എനിക്കും നിനക്കുമിടയിലെ-
ഒരു മഴകാതമുപേക്ഷിച്ച്,
നിന്നിലേക്ക് മടങ്ങണം
എന്നിൽ വന്യതയുടെ ലഹരി നിറക്കുന്ന-
കാഴ്ചകൾ പൂക്കുന്ന-
കാടാണെനിക്ക് നീ...
Thursday, March 1, 2018
Tuesday, February 27, 2018
നിന്റെ ഉടൽ പൂത്തുലഞ്ഞ ഗന്ധം എന്റെ
സിരകളെ ഉണര്‍ത്തുന്നു
നിന്റെ അധരങ്ങളിൽ പൂത്ത-
പ്രണയ ചഷകങ്ങളിൽ നിന്നൊരല്പം ഇറ്റിച് തരിക.
എന്റെ ഊഷരമായ യാത്രകള്‍ക്ക്-
പ്രണയ ചിന്തകളേകുവാന്‍.
കര്‍ക്കിടക പെയ്ത്തോഴിഞ്ഞ-
നിന്‍റെ കണ്ണുകളിലെ
പ്രണയത്തിന്റെ തീഷ്ണത-
ഒരു നോട്ടത്തിലെങ്കിലും
എനിക്കനുഭവിക്കണം,
കൊടിയ വേനലിലും മഴ പൂക്കുവാന്‍...
Subscribe to:
Posts (Atom)
വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...
-
മഴ നനഞ്ഞ മരങ്ങള്‍ മഴ നനഞ്ഞ മരങ്ങള്‍ തളിരിടുന്നതു, വരണ്ട വേനലില്‍ അവ- അടക്കി വെച്ച ജീവിതമാണ്. ഭൂമിയിലെ ദു:ഖങ്ങള്‍ ഘനീഭവിപ്പിച്ചാണ് ആകാശ...
-
പുഴ ഒഴുകും വഴിയെ.... ജനിമൃതികളുടെ - സന്ദേഹങ്ങളില്ലാതെ ഒരു പുഴ മഞ്ഞു മലകളുടെ ഗര്‍ഭ പാത്രത്തില്‍- നിന്നുറവ പൊട്ടി ആര്‍ത്തു പെയ്യുന്നു
-
യാത്ര നമുക്കൊരു യാത്ര പോകാം... കൈകള്‍ കോര്‍ത്ത് പിടിച്ച്, കഥകള്‍ പറഞ്ഞു, കവിതകള്‍ പാടി ജീവിതം പറയാതെ ഒരു യാത്ര... തിരമാലകളെ പുണര്...