Friday, November 2, 2012

മുഖമില്ലാത്ത മനുഷ്യര്‍ 

 
മുഖപടം  മാറ്റുമ്പോള്‍ 
വെളുത്ത തലയോട്ടികള്‍ 
മാത്രം

വാക്കുകള്‍ക്കും 
നോക്കുകള്‍ക്കും 
അര്‍ത്ഥമില്ലാത്തവര്‍

വര്‍ത്തമാന കാലത്തിലെ 
അവിശുദ്ധ സന്തതികള്‍
രാഷ്ട്രീയ കോമരങ്ങള്‍

Tuesday, October 30, 2012

സ്നേഹത്തിന്റെയും (മരണത്തിന്റെയും) ഗസല്‍ 


നിലാവ് പെയ്യുന്നയീ-
രാത്രിയില്‍---
നിശാഗന്ധി പൂവിന്റെ-
സുഗന്ധത്തില്‍
ഒരു ഗസലിന്റെ-
ഈണത്തില്‍ 
നിന്നിലേക്കാഴ്ന്നിറങ്ങണം.
എന്നിട്ട്-
നിന്റെ കണ്മഷി കൂട്ടില്‍ 
എന്റെ കണ്ണുനീര്‍ ചാലിച്ച് 
ഞാനൊരു ചിത്രം വരക്കാം.
വരകള്‍ ഇടമുറിഞ്ഞ -
അപൂര്‍ണമായ ഒരു ചിത്രം .

വേരുകള്‍ പിഴുതെറിഞ്ഞ്
വിരലുകള്‍ മുറിച്ച് 
അപരാഹ്നത്തില്‍ 
ആകാശനീലിമയെ പ്രണയിച്ചു-
നിന്റെ നനുത്ത വിരലുകളുടെ 
സ്പന്ദനങ്ങളെ താലോലിച്ച്
ഈ കടല്‍ത്തീരത്ത്‌-
ഒരു രാത്രിയുറക്കം..
തിരമാലകളുടെ-
വിലാപ ഗീതവും കേട്ട്-
മൃതിയുടെ ശൈത്യത്തിലേക്ക്‌...

Sunday, October 21, 2012

ഒരയ്യപ്പന്‍ കവിത 


എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഔസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കുന്നു.
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ ആത്മതത്ത്വം പറഞ്ഞു തന്നവളുടെ ഉപഹാരം.
മണ്ണു മൂടുന്നതിന് മുമ്പ്
ഹൃദയത്തില്‍ നിന്ന് ആ പൂവ് പറിക്കണം.
ദളങ്ങള്‍ കൊണ്ട് മുഖം മൂടണം.
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദളം.
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം.
മരണത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരുന്നു


(എ അയ്യപ്പന്‍)

Wednesday, October 3, 2012

ഗ്രീഷ്മ കാലത്തിലെ പൂക്കള്‍ ‍



ജൂണിലെ വര്‍ഷകാല-
മഴയെ പ്രണയിച്ചു നീ,
ഗ്രീഷ്മത്തിലെ കനലെരിയുന്ന
പകലുകളില്‍-
ഇലകള്‍ പൊട്ടിച്ചു-
വിഷു പൂക്കളായി.

വിഷാദ വര്‍ഷത്തിലും
ഇലകള്‍ പൊഴിക്കാതെ -
ചില്ലകള്‍ കരിക്കാതെ -
ഹൃദയ രക്ത്തം ഇറ്റിച്ചു നീ-
പൂക്കള്‍ക്ക് നനവേകി.

ഏകാന്ത മൌനം
നിറഞ്ഞു കവിഞ്ഞ-
നാളുകള്‍ക്കൊടുക്കം...
നനുത്ത മഴയില്-‍
പൂത്തുലഞ്ഞ്,
കനത്ത മഴയില്‍ -
ഇതള്‍ പൊഴിച്ച്,
മഴയോടൊപ്പം മണ്ണില്‍
ചെര്ന്നമര്‍ന്ന് -
രതിമൂര്ച്ചക്ക് ശേഷമുള്ള
അര്‍ത്ഥ രഹിതമായ
മൌനത്തിലേക്ക്‌ ...



Thursday, August 23, 2012

 അടയാളങ്ങള്‍


കവിതകള്‍,
എന്‍റെ നോവിന്റെ-
വിയര്‍പ്പു ഭാണ്ഡങ്ങള്‍.

ചിറകുകള്‍ കരിഞ്ഞ
ശലഭങ്ങളെ പോലെ,
അരികിലാണെങ്കിലും
പറന്നെത്താന്‍ പറ്റാത്ത
അകലത്തില്‍
ചിതറി തെറിച്ചവര്‍.

എന്‍റെ ഓരോ
കവിതയിലും 
നിന്‍റെ അടയാളങ്ങള്‍
ഒളിച്ചിരിപ്പുണ്ട്,
പൂവായ്...
പുലരിയായ്...
നിലാവായ്...
ചിലപ്പോള്‍
ചില്ലയില്‍ ചേക്കേറാതെ-
അലസ്സമായ് പറക്കുന്ന
പക്ഷികളായ്...

രാത്രിയുടെ ഒടുക്കമീ-
കവിത കുറിക്കുമ്പോള്‍-
ഞാന്‍ തിരിച്ചറിഞ്ഞു,
എന്‍റെ നിശ്വാസങ്ങളുടെ
ഈണം നീയായിരുന്നെന്ന്...

Wednesday, August 8, 2012

 മഴ നനഞ്ഞ മരങ്ങള്‍

 മഴ നനഞ്ഞ മരങ്ങള്‍
തളിരിടുന്നതു,
വരണ്ട വേനലില്‍ അവ-
അടക്കി വെച്ച ജീവിതമാണ്.

ഭൂമിയിലെ ദു:ഖങ്ങള്‍
ഘനീഭവിപ്പിച്ചാണ് 
ആകാശത്തിലെ -
ഇരുണ്ട മേഘങ്ങള്‍
മഴ പൊഴിക്കുന്നത്

മഴയും നിലാവും
ഒരുപോലെ പെയ്യുന്ന
രാത്രി,
എന്‍റെ തളിരിടാത്ത-
സ്വപ്നങ്ങളില്‍ ഒന്നുമാത്രമാണ്.

മഴ നനഞ്ഞ മരങ്ങളും
ഇരുണ്ട മേഘങ്ങളും
എന്‍റെ ജീവിതമാണ്
പറയുന്നത്...

Thursday, August 2, 2012

റെയ്നിക്ക്... 


കരള്‍ പകുത്തു-
നീ
ദാനം നല്‍കിയപ്പോള്
കിനിഞ്ഞതു-
രക്തത്തിന്റെ മണമല്ല -
ഒരു നിശാഗന്ധി പൂവിന്റെ
സുഗന്ധം.

അമ്പത്തിയൊന്നു വെട്ടിനും -
മീതെ പടര്‍ന്നു-
നീ
സുഗന്ധം പരത്തുക.
വെട്ടിയവര്‍,
വെട്ടിന്റെ മേനി-
 പറഞ്ഞവര്‍,
തല കുനിക്കട്ടെ.

രമ‍ പൊറുക്കുക...
നിങ്ങളുടെ വ്യഥ
ഒരു  സുഗന്ധത്തിനും -
തീര്‍ക്കാനാവില്ലല്ലോ .

ആത്മീയതയില്‍
ആത്മരതി നടത്തി-
ആശ്ലേഷിക്കുന്നവര്‍,
റെയ്നിയോടു  ഒരു -
മുത്തം കടം ചോദിക്കുക.
നിങ്ങളുടെ പാപവും -
ഒലിച്ചു  പോകട്ടെ.

വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...