Friday, July 20, 2012



അര്‍ത്ഥ വ്യത്യാസം
 
എന്‍റെ ശരികളിലെ -
തെറ്റുകള്‍ അടര്‍ത്തിയെടുത്തു നീ -
വിചാരണക്ക് വെക്കുമ്പോള്‍
വധ ശിക്ഷയില്‍
കുറഞ്ഞതൊന്നും -ഞാന്‍
ആഗ്രഹിക്കുന്നില്ല.

വാക്കുകളില്‍ അര്‍ത്ഥ വ്യത്യാസം
മൂര്ത്തമാകുമ്പോള്‍ -
ഉഷ്ണമാപിനികള്‍ പോലും  പൊട്ടി ചിതറും.


 ഇത്തിള്‍ കണ്ണി

എന്നിലേക്ക്‌ പടര്‍ന്നു കയറുന്ന
ഇത്തിള്‍ കണ്ണിയാണ് നീ.
അടര്‍ത്തി മാറ്റിയാലും വീണ്ടും -
അടരാതെ പടരുന്ന
ഇത്തിള്‍ കണ്ണി.
എങ്കിലും...നീയെന്റെ-
ഒരു സ്വകാര്യ അഹങ്കാരമാണ് ...

Monday, July 16, 2012

നിശാഗന്ധി

നിദ്രയില്‍ നിന്നുണര്‍ത്തി-
എന്റെ  ചിന്തകള്‍ക്ക്,
ചിറകുകള്‍  നല്‍കിയ-
നിശാഗന്ധി പൂവിന്...

മാറാല കെട്ടി ജീര്‍ണിച്ച-
യെന്റെ കവിതാപുസ്തകം,
വീണ്ടും തുറന്നിരിക്കുന്നു.

നിഴലുകള്‍ പോലും കൂട്ടി-
നില്ലാതിരുന്ന നടവഴികളില്‍,
ജീവിതത്തിന്റെ നരച്ച -
വെയിലേറ്റ  പകലുകളില്‍,
മരണം മണത്ത രാവുകളില്‍,
പൂത്ത്, തളിര്‍ത്ത്‌  നീ-
എന്നുമുണ്ടായിരുന്നു.

താളുകള്‍ ഓര്‍ത്തുവെക്കാന്‍ 
നീ തന്ന മയില്‍‌പ്പീലി തണ്ടുകള്‍,
വാക്കുകള്‍ ഇടമുറിഞ്ഞു വീണ-
എന്റെ ജീവിത പുസ്തകത്തില്‍,
വെറുതെയിരുന്നു മിഴി-
നീര്‍ പൊഴിച്ചു.

ഊഷരമായ മനസ്സിലേക്ക് -
ഒരല്പം സുഗന്ധമായി,
ഒരിറ്റു മഴത്തുള്ളിയായ് ,
നീ വീണ്ടും  അണഞ്ഞിടില്‍,
നിശാഗന്ധി... ഞാനെത്ര ധന്യന്‍.

Sunday, April 15, 2012

ദൈവത്തിന്റെ ദാസികള്

ശിരോവസ്ത്രത്തിനു താഴെ-
കണ്‍തടങ്ങളില്‍ -
പ്രളയം

വരിഞ്ഞു മുറുകിയ-
ആത്മാവില്‍
ഒറ്റപെടലിന്റെ -
വിങ്ങല്‍.

അതിര് വിട്ട -
ബാല്യത്തിനു മേല്-
അമ്മയുടെ ശാസന.
അരുത്... നീ ദൈവത്തിന്റെ -
ദാസിയാണ്.

ആര്‍ക്കു വേണ്ടി ?
ദൈവത്തിനു  വേണ്ടിയോ ...  ?
ഒരു നേര്ച്ച കോഴിയുടെ -
വിലാപം.

പ്രേമത്തിനും
പ്രളയത്തിനുമൊടുക്കം -
പൊരുത്ത പെടാനാവാത്ത -
നിസ്സന്ഗത...

ഇനി... നിനക്ക് മുന്നില്‍ -
നിസ്സഹായായ്‌ ഞാനും -
എനിക്ക് മുന്നില്‍ -
നിസ്സഹാനായ്‌  കുരിശ്ശില്‍ -
നീയും - ഒടുങ്ങാത്ത പ്രാര്‍ത്ഥന.
 ‍

Monday, April 2, 2012

ബലികാക്കകള്‍

 

ഒരിക്കല്‍ മാത്രമേ അവര്‍
 എന്നെ കൈകൊട്ടി വിളിക്കാര്‍ ഉള്ളൂ...

ചിലപ്പോള്‍ ഏതെങ്കിലും
പുഴയുടെ ഓരത്ത്...
അതുമല്ലെങ്കില്‍ തൊടിയിലെ -
മരണം മണക്കുന്ന-
ചാര തറയില്‍...
ചിലപ്പോള്‍ കടലോരത്ത്...

കറുപ്പിനെ വെറുക്കുന്നവര്...‍
മുറ്റത്ത്‌ വെറുതെ-
ഇറങ്ങുമ്പോളും, കറങ്ങുമ്പോളും-
നീട്ടി തുപ്പിയും...
ഉറക്കെ ആട്ടി പായ്ച്ചും-
കറുപ്പിനെ വെറുക്കുന്നവര്...‍
അപ്പോള്‍ ഞങ്ങള്‍
ചിലപ്പോള്‍ മരണത്തെ
സ്നേഹിച്ചു പോകും-
തെറ്റാണെന്ന് അറിഞ്ഞിട്ടും.

ബലി തറയില്‍ അല്ലാതെ-
അല്പം ദയ, ഒരു നോട്ടം,
ഒരു വര്‍ത്തമാനം-
ചിലപ്പോഴൊക്കെ അല്പം മധുരം -
അറിഞ്ഞുകൊണ്ട്.
അത്രയൊക്കെയേ -
ഞങ്ങള്‍ ആഗ്രഹിക്കാര്‍ ഉള്ളൂ...





Saturday, September 17, 2011

നിഴലിനെ പ്രണയിച്ചവള്‍

കാറ്റിനോട് സല്ലപിച്ചവള്‍-
സൗഹൃദം പങ്കിട്ടു.
മഴയോട് മത്സരിച്ചവള്‍-
സംഗീതം പഠിച്ചു.
നിലാവുള്ള രാത്രിയില്‍-
നിഴലിനെ
പ്രണയിച്ചവള്‍-
വഴിനിറയെ പകലിനെ-
 പഴി പറഞ്ഞും
ചോദ്യങ്ങള്‍ ചോദിച്ചും-
ഉത്തരം മുട്ടിച്ചു.
ചിലപ്പോള്‍ അവള്‍ -
 ഉറക്കെ ചിരിച്ചും ചിന്തിച്ചും-
 ഉത്തരം കിട്ടാത്ത -
ഒരു ചോദ്യ ചിഹ്നമായും-
നിരത്തില്‍ നിറഞ്ഞു നിന്നു.
നിലാവ്,  മഴ,  കാറ്റ്, മഞ്ഞ് ...
പിന്നെ പിന്നെ അവള്‍ക്കിഷ്ടമയതെല്ലാം-
അന്യരുടെതായിരുന്നു. 

Saturday, December 26, 2009

കലാപം

കത്തിയെരിയുന്ന ചിതകള്‍ക്ക്-
മതത്തിന്റെ മണമില്ലായിരുന്നു.

ചിതകള്‍ വരയുന്ന -
ചിത്രങ്ങള്‍ക്ക് മുന്‍പില്‍
ചിത്രഗുപ്തന്റെ നിശബ്ദ വിലാപം.

അടിവയറ്റില്‍ ആഴ്ന്നിറങ്ങിയ -
ശൂലത്തില്‍ പിറക്കാതെ പോയ -
പിറവിയുടെ പിണ്ഡം-ബന്ധ വിഛേദനങ്ങളുടെ
തിരുശേഷിപ്പ് -

സവര്‍ണ്ണതയുടെ അസ്സന്തുലിതമായ -
സങ്കലന വ്യവസ്ഥകള്‍

ഇന്ദ്രപ്രസ്ഥത്തിലെ പ്രജാപതിക്കപ്പോള്‍
തുരുമ്പിന്റെ മണം .

നീതികെട്ട തീട്ടൂരങ്ങള്‍ക്ക് -
നിലവറയെക്കാള്‍ പഴക്കം .

കാഴ്ചകള്‍ കണ്ടെന്റെ
കണ്ണുകള്‍ കറുത്തിരിക്കുന്നു ...
കരയിലും കടലിലും
കണ്ണീരിലും - കറുപ്പ് .

ചിലമ്പിച്ച ചിന്തകളില്‍ -
തീ പടരുമ്പോള്‍ -കത്തുന്നത്
വിശ്വാസത്തിന്റെ വിശുദ്ധതകളാണ്...

ശിരസ്സ് കുമ്പിട്ടു -
ദൈവം പടിയിറങ്ങുകയാണ്
അസ്ഥിത്വം തേടിയുള്ള-
ഒരു യാത്രക്കായ്...

വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...