Monday, July 15, 2024

വാക്ക് നഷ്ടപ്പെട്ടവർ

ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള -
ചോദ്യത്തിന്,
ഒരു കുട്ടി വാക്ക് പരതുന്നു.
വാക്ക് തൊണ്ടയിൽ കുരുങ്ങി-
ഭാഷ തിരയുന്നു.
ലിപികളില്ലാതെ ഭാഷ -
കുട്ടിയെ തോൽപ്പിക്കുന്നു.
ലിപികളുള്ളവർക്ക്-
വാക്ക് അധീനപ്പെടുന്നു.
കാടും നാടും അധീനപ്പെടുന്നു
ഭാഷ കൊണ്ടവർ ഭൂപടം വരക്കുന്നു
ഭാഷ ഒരു രാജ്യമാകുന്നു
വാക്ക് തിരഞ്ഞകുട്ടിയെ
ഗോത്രമെന്ന വരമ്പ് കെട്ടുന്നു
കാട്ടുഭാഷയെന്ന-
പേര് നൽകുന്നു.
ഭാഷ കാടിന്റെയെന്നും
നാടിന്റെയെന്നും അതിർത്തി കെട്ടുന്നു
ഭാഷനഷ്ടപ്പെട്ടവന്-
മധുവെന്നും
വിശ്വനാഥനെന്നും പേർ
ബാക്കിയുള്ളവരെല്ലാം-
പേരില്ലാത്തവരത്രെ..

Wednesday, March 22, 2023

ഹൃദയാഴങ്ങളിലേക്കിറങ്ങുമ്പോൾ -                                                                            കവിതകളാൽ ചുറ്റപ്പെടുന്നു.

കാഴ്ചയിൽ 
കവിതപൂക്കുന്നു
വാക്കുകളിൽ നീ ഞാനും-
ഞാൻ നീയുമാകുന്നു.

അനാഥത്വങ്ങളിൽ-
നോവ് പൊട്ടുന്നു,
മൗനവഴിയിൽ-
വിശപ്പ് രുചിയ്ക്കുന്നു 

നിലാവ് കണ്ട്
ഏകാന്തപ്പെട്ടവന്,
നിഴൽ കണ്ട്-
പ്രണയം പൂക്കുന്നു.

ഓലക്കീറുകൾക്കിടയിലൂടെ
ഒളിച്ചു കയറിയ നിലാവ് 
തിരിച്ചു പോവാനാവാതെ
കൂരയിൽ കുരുങ്ങിക്കിടക്കുന്നു

കടൽ വിരിയിച്ചൊരു-
കരിമേഘ പക്ഷി
നിലാവിനെ വിഴുങ്ങുന്നു
ഇരുൾ പടരുന്നു.

ജനിമൃതികളുടെ-
സന്ദേഹങ്ങളില്ലാതൊരു-
പുഴ,
മഞ്ഞു മലകളുടെ
ഗർഭപാത്രത്തിൽ നിന്നുറവപൊട്ടി- 
ആർത്ത്പെയ്യുന്നു.

വലത്തോട്ട്  പോരിട്ട്-
മേഞ്ഞ കൂരയുടെ 
നഗ്നതയിലൂടെ
ചോർന്നിറങ്ങുന്ന-
നശിച്ച മഴ.

തൊടിയിൽ,
പടം പൊഴിച്ചപ്രത്യക്ഷമായ-
പാമ്പുകകളുടെ
സാമീപ്യം പോലൊരു  ഭയം,
മനസ്സിൽ കൂട് കെട്ടുന്നു.

വെറ്റയും പുകയിലയും
കുഴഞ്ഞ മണം 
അച്ഛനെ തിരയുന്നു-
നോവ് നിറയുന്നു.

ഓരോ കാഴ്ചയും-
ഓരോ കവിതയാണ്,
മനസ്സിൽ കൊരുക്കുന്ന കാഴ്ചകൾ,
കാണുന്നവന്റെ പ്രത്യയശാസ്ത്രമാണ്






  












Friday, October 28, 2022

 

മൃദുവായി-
ഇലകൾ പോലുമറിയാതെ,
ചെടിയിൽ നിന്നടരുന്ന-
പൂവിന്റെ കൊഴിഞ്ഞു പോക്കുപോലെ -
പ്രണയം ഉപേക്ഷിക്കണം.

സ്വയം തീർപ്പാക്കേണ്ട ഈ 
പ്രണയത്തെ കുറിച്ചാണ് നിങ്ങൾ
അനുദിനം കലഹിക്കുന്നത്
കഴുത്ത് മുറിക്കുന്നത്.

Monday, April 18, 2022

വാക്കുകൾ മരിച്ച വീട്

വാക്കുകൾ മരിച്ച ഒരു വീട്
പ്രതീക്ഷകളുടെ ഊഴം കാത്ത് -
കനവുകൾ നെയ്യുന്നു. 
 
വാക്കുകൾ മരിച്ച ഒരു വീട്-
നിറവിലും-
നിഴലുകൾപോലും 
കൂട്ടിമുട്ടാത്തത്ര കണിശതയോടെ - 
ചതുരംഗം കളിക്കുന്നു-
.
വാക്കുകൾ മരിച്ച ഒരു വീട്ടിൽ-
മൗനം മുനിഞ്ഞു കത്തുന്ന 
രാവുകളിൽ -
ഒരിറ്റു വാക്കിനായ്-
തൊണ്ട വരളുന്നു.

വാക്കുകൾ മരിച്ച ഒരു വീട്ടിൽ-
തൂങ്ങിയിറങ്ങിയ  
കണ്‍പോളകൾ,
കാലത്തിന്റെ അനുവാചകരായ്,
സെക്കൻഡ് സൂചികളുടെ-
മിടിപ്പുകൾ പേറുന്നു.

വാക്കുകൾ മരിച്ച ഒരു വീട് പോലെ-
ഭീതിതമായ ഒരു  ഭൂപ്രദേശമില്ല..

വാക്കുകൾ മരിച്ച ഒരു വീട്-
പ്രതീക്ഷകളുടെ 
ഊഴം കാത്ത് 
കനവുകൾ നെയ്യുന്നു. 

Saturday, May 16, 2020

കേരളം കെപിപി നമ്പ്യാരെ വേണ്ടവിധം ആദരിച്ചോ?

കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരിയിലെ ഒരു സാധാരണ ഗ്രാമീണ കുടുംബാംഗമായിരുന്ന കുന്നത്ത് വീട്ടില്‍ പത്മനാഭന്‍ നമ്പ്യാര്‍ എന്ന കെപിപി നമ്പ്യാര്‍ കല്യാശ്ശേരി ബോര്‍ഡ് ഹയര്‍ എലമെന്ററി സ്‌കൂളില്‍ നിന്നും ലണ്ടനിലെ അതിപ്രശസ്തമായ ഇംപീരിയല്‍ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലേക്കുള്ള യാത്ര ഒരു പോരാട്ടമായിരുന്നു. 1929 ഏപ്രില്‍ 15 ന് കല്യാശ്ശേരിയിലെ ഒരു കമ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ ജീവിതമത്രയും ഇതുപോലുള്ള പോരാട്ടങ്ങളുടെയും അതില്‍ നേടിയ വിജയവും നിറഞ്ഞതായിരുന്നു.
1948 ലെ കല്‍ക്കത്ത തിസീസിന്റെ പേരില്‍ വേട്ടയാടപ്പെട്ട കമ്യൂണിസ്റ്റ് കുടുംബമായിരുന്നു അദ്ദേഹത്തിന്റെത്. അതിന്റെ പേരില്‍ നാടുവിടേണ്ടി വന്ന കെപിപി നമ്പ്യാര്‍ നേരെയെത്തിയത് ബോംബെയിലെ പ്രസിദ്ധമായ സെന്റ് സേവിയേഴ്‌സ് കോളേജിലായിരുന്നു. അഡ്വാന്‍സ്ഡ് റേഡിയോ കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദത്തിനായി ചേര്‍ന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവ് ആവുകയായിരുന്നു. അതിനുശേഷം അദ്ദേഹം ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രശസ്തമായ ഇംപീരിയല്‍ കോളേജില്‍ നിന്ന് ടെലികമ്യൂണിക്കേഷനില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു.
കടുത്ത ദേശീയതാബോധത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ തിരികെയെത്തി ഐഐടി ഡല്‍ഹിയില്‍ അദ്ധ്യാപകനാകുകയും പിന്നീട് ടാറ്റയുടെ ഗവേഷണ വിഭാഗത്തിന് രൂപം കൊടുക്കുകയും ചെയ്തൂ. ട്രാന്‍സിസ്റ്റര്‍ റേഡിയോ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ വ്യവസായ മേഖലയില്‍ ഇലക്‌ട്രോണിക്‌സ് പ്രയോഗങ്ങളുടെ പ്രവേശനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. അക്കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ‘നെല്‍കോ’ റേഡിയോ ഇന്ത്യയുടെ അഭിമാനം ഊട്ടിയുറപ്പിച്ചു.
മാതൃരാജ്യത്തോടുണ്ടായിരുന്ന അതേ പ്രണയം ജന്മദേശമായ കേരളത്തോടും അദ്ദേഹം പുലര്‍ത്തിയിരുന്നു. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ഇലക്‌ട്രോണിക്‌സ് രംഗത്തെ കേരളത്തിന്റെ കുതിച്ചു ചാട്ടത്തിനായി കെപിപി നമ്പ്യാരുമായി ബന്ധപ്പെടുകയും കെല്‍ട്രോണ്‍ എന്ന വിപ്ലവകരമായ ആശയം സാധ്യമാക്കിയെടുക്കുകയും ചെയ്തു. ഈ സമയം ടാറ്റയിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിംഗില്‍ നിന്ന് രാജിവച്ചായിരുന്നു അദ്ദേഹം കേരളത്തിലെത്തിയത്. നമ്പ്യാര്‍ ടാറ്റയിലുണ്ടായിരുന്ന സമയത്ത് രത്തന്‍ ടാറ്റ അദ്ദേഹത്തിന്റെ കീഴില്‍ ജോലി നോക്കിയിരുന്നു.
കെല്‍ട്രോണിന്റെ റിസര്‍ച്ച് വിംഗായി ER&DC(ഇലക്‌ട്രോണിക്‌സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍)യെ വളര്‍ത്തിയെടുക്കുകയും പിന്നീട് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇതിനെ ER&DCI ആക്കിമാറ്റി കേന്ദ്രത്തെ കൊണ്ട് ഏറ്റെടുപ്പിക്കുകയും ചെയ്തു.
1986 ല്‍ ഇലക്‌ട്രോണിക്‌സ് മേഖലയിലെ നിസ്തുലമായ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ദിര ഗാന്ധി അദ്ദേഹത്തിനെ ഇലക്‌ട്രോണിക്‌സ് വകുപ്പിന്റെ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. C-DAC (സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ്)ന്റെ രൂപീകരണത്തിനും അദ്ദേഹത്തിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്.
സുരക്ഷയുടെ പേരുപറഞ്ഞ് യു എസ് ഗവണ്‍മെന്റ് ഇന്ത്യക്ക് സൂപ്പര്‍ കമ്പ്യൂട്ടര്‍ നല്‍കുവാന്‍ തയ്യാറാകാതിരുന്നപ്പോള്‍, നമ്പ്യാര്‍ ER&DCI ഡയറക്ടര്‍ ആയിരുന്ന വിജയ് ഭട്കറിനോട് C-DAC രൂപീകരിക്കാന്‍ നിര്‍ദേശിക്കുകയും, ഇന്ത്യ തദ്ദേശീയമായി സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുകയും ചെയ്തതിന് ചരിത്രം സാക്ഷ്യം.
കെപിപി നമ്പ്യാറിന്റെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു ഇലക്‌ട്രോണിക്‌സ് സാങ്കേതിക വിദ്യയില്‍ രാജീവ് ഗാന്ധിയുടെ കാലത്ത് ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായത്.
ഇന്ത്യയില്‍ ആദ്യമായി ടെക്‌നോപാര്‍ക് എന്ന ആശയം കെപിപി നമ്പ്യാരുടെ സംഭാവനയായിരുന്നു. കേരളത്തിലെ ടെക്‌നോപാര്‍ക് ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോളജി പാര്‍ക്ക് ആയതിനു പിന്നില്‍ വ്യവസായ മന്ത്രിയായിരുന്ന കെ ആര്‍ ഗൗരിയമ്മയുടെ സഹായവും ഉണ്ടായിരുന്നു.
കേരളം അദ്ദേഹത്തിന്റെ നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടവിധത്തില്‍ അംഗീകരിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. 2006 ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചെങ്കിലും അതിന്റെ ശിപാര്‍ശ പോയത് കേരളത്തില്‍ നിന്നായിരുന്നില്ല.
ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് രംഗത്തിന്റെ നേരായ വഴികാട്ടിയായിരുന്നു കെപിപി നമ്പ്യാര്‍. അദ്ദേഹത്തിന്റെ വേര്‍പാടില്‍ രാജ്യത്തിന് നഷ്ടമായത് എക്കാലത്തെയും മികച്ച ഒരു ടെക്‌നോക്രാറ്റിനെയാണ്.
(C-DAC ലെ സയന്റിസ്റ്റും സീനിയര്‍ എഞ്ചിനിയറുമാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

Friday, August 23, 2019

കൂമ്പിച്ചൽകടവ്‌ ഏകാധ്യാപക ട്രൈബൽ വിദ്യാലയത്തിലേക്കുള്ള യാത്രയിൽ കൂടുതലും രവിയുടെ ചെതലിമലയിലെ ഏകാധ്യാപക വിദ്യാലയമായിരുന്നു മനസ്സിൽ. അമ്പൂരിയിൽ നിന്നും കൂമ്പിച്ചൽകടവിലേക്കുള്ള യാത്രയ്ക്കൊടുവിൽ നെയ്യാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തെ ഒരു കടവിൽ എത്തിച്ചേർന്നു. ഇനി അങ്ങോട്ടുള്ള യാത്ര തോണിയിലാണ്. കടത്തുകാരൻ അക്കരെയാണ്. അക്കരെ കാട്ടുമലയുടെ അടിവാരത്ത് കാടിറങ്ങി കടവിലേക്ക് ഒരു മൺറോഡ് കിതച്ചു നിൽപ്പുണ്ട്. തോണിയിൽ കുറച്ചുപേർ ഇരിപ്പുണ്ട്. കടത്തുകാരൻ തോണിയിലേറി തുഴയെറിയാൻ തുടങ്ങിയപ്പോൾ കാട്ടിനകത്ത് നിന്നും ഒരു കൂവി വിളി കാറ്റിനോടൊപ്പം കടവിലേക്ക് ഒഴുകി ഇറങ്ങി  വന്ന്  പുഴയിലേക്ക് ചിതറി തെറിച്ചുപോയി. കടത്തുകാരന്റെ മറുപടി കൂക്കുവിളി  തിങ്ങി നിന്ന കാട്ടുമരങ്ങൾക്കിടയിൽ തട്ടി ചിലമ്പിച്ച്‌ നിന്നു. നിശബ്ദമായ കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഒരു കുറിയ മനുഷ്യൻ കാട്ടുവഴികൾക്കിടയിൽ നിന്നും തോണിയിലേക്ക് ഓടിക്കയറി. ഇക്കരയിൽ ഞങ്ങൾ കുറച്ചുപേർ തോണിക്കായ് കാത്തിരിപ്പുണ്ട്. ഏകാധ്യാപക വിദ്യാലയത്തിലേക്കാണെന്നു പറഞ്ഞപ്പോൾ, തേരി കയറി ഇറങ്ങി വരുമ്പോൾ ഈ ചിരി ഉണ്ടാവില്ല എന്ന് പറഞ് ഞങ്ങളുടെ ആത്മവിശ്വാസത്തിന്റെ കടക്കൽ ഒരു വലിയ കത്തി എടുത്ത് വെച്ചു, ഒരു സഹയാത്രികൻ. തോണി ഇക്കര എത്തി ആളുകളെല്ലാം ഇറങ്ങിയപ്പോൾ ഞങ്ങൾ സ്കൂളിലെ കുട്ടികൾക്കായുള്ള അട്ടപ്പാടിയിലെ അമ്മമാർ ഉണ്ടാക്കിയ കാർത്തുമ്പി ബാഗും കുടയും കയറ്റി തോണി വീണ്ടും അക്കരയ്ക്കു തുഴഞ്ഞു. തേരി കയറി ഒന്നര മണിക്കൂറോളം  നടന്നാൽ സ്കൂൾ എത്തുമെന്ന് കടത്തുകാരൻ പറഞ്ഞത് ഞങ്ങൾ ലാഘവത്തോടെ എടുത്തെങ്കിലും യാത്ര ക്ലേശകരമായിരിക്കുമെന്ന സൂചന അദ്ദേഹത്തിന്റെ മുഖഭാവത്തിൽ നിന്നുമറിഞ്ഞു . കടത്തിറങ്ങിയപ്പോൾ കാടിന്റെ കാറ്റ് ശരീരമാകെ തണുപ്പിച്ചു പുതച്ചു നിന്നു. ചെതലിമലയിലെ കരിന്തഴകൾക്കിടയിലൂടെ കാറ്റ് വീശുന്ന ഖസാക്കിലെ പള്ളിക്കൂടം വീണ്ടുമോർമ്മയിൽ വന്നു. രവിയും, നൈസാമലിയും, അള്ളാപിച്ച മൊല്ലാക്കയും, മൈമൂനയും കാറ്റിനോടൊപ്പം കടവത്ത് വന്നു. കടത്തുകാരൻ കാട്ടിയ വഴിയിലൂടെ ഞങ്ങൾ അഞ്ചുപേർ മുന്നോട്ട് നടന്നു. നാട്ടുവഴിയുടെ ഒരു വശം ജലസംഭരണ പ്രദേശവും മറുവശം ഇടതൂർന്നു നിൽക്കുന്ന മരങ്ങളുമാണ് .ഒ വി വിജയൻ ഖസാക്കിന്റെ ഇതിഹാസം എഴുതിയിട്ട് അൻപതു വര്ഷം പിന്നിട്ടു. ഭൂപരിഷ്കരണം വന്നു, കേരളത്തിലെ മുക്കിലും മൂലയിലും ടെക്നോപാർക്കുകളും, ഇൻഫോപാർക്കുകളും വന്നു. നവോത്ഥാനം പലരൂപത്തിലും ഭാവത്തിലും വന്നു എന്നിട്ടും അഭിജാത്യത്തിന്റെയും, നിറത്തിന്റെയും ഉഷ്ണചൂളയിൽ പെട്ട് ഇപ്പോഴും കുറെയേറെപ്പേർ കാട്ടിൽ കഴിയുന്നു, മണ്ണിന്റെ യഥാർത്ഥ ഉടമസ്ഥർ. കാട്ടരുവികൾ മാത്രം വിഭജിച്ച അതിരുകളെ അണകെട്ടി നഗരത്തിലേക്കുള്ള വെള്ളത്തിനും വൈദ്യുതിക്കും വേണ്ടി നാഗരികർ അവരുടെ ആവാസവ്യവസ്ഥയെ തകിടംമറിച്ചു. കുടിയേറ്റക്കാരാലും, നഗരവികസനത്തിന്റെ പേരിലും അവരുടെ കൃഷിഭൂമിയിൽ നിന്നും മുറിവേൽക്കപ്പെട്ടവർ തിരികെ കാട് കയറി. അണകെട്ടുകളാൽ മുങ്ങിപ്പോയ ഗ്രാമങ്ങളെക്കുറിച്ചും അവിടെ ജീവിച്ചിരുന്ന ജനതെയെക്കുറിച്ചും ആരാണ്‌ ഓർക്കുന്നത്. ഞങ്ങളും മല കയറാൻ തുടങ്ങിയിരുന്നു. കുത്തനെയുള്ള കയറ്റം ഞങ്ങളുടെ കാലുകൾക്കു അപരിചിതമായ കാലനക്കങ്ങൾ തന്നു. വഴിയരികിലെ ഓരോ പാറക്കൂട്ടങ്ങളും ഞങ്ങളുടെ വിശ്രമ കേന്ദ്രങ്ങളായി. കുറച്ചു ചെന്നപ്പോൾ ഒരു പ്രായമേറിയ അമ്മ കൂനിക്കൂടി മല കയറുന്നതു കണ്ടു, കൂടെ ഒരു മധ്യവയസ്കയും. രണ്ടുപേരും ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാൻ മലയിറങ്ങിയതാണെന്നു പറഞ്ഞു. പ്രായമേറിയ അമ്മ ഇന്നലെ വീട്ടിൽ നിന്നിറങ്ങിയതാണ്, ഇക്കരെ ഒരു ബന്ധു വീട്ടിൽ തങ്ങി രാവിലെ കാർഡ് പുതുക്കി മലകയറാൻ തുടങ്ങിയതാണ്. ഇപ്പോൾ കയറുന്ന മലകയറി ഇറങ്ങി ഒരു മലകൂടി കയറി വേണം കുടിയെത്താൻ. ഇനിയും അഞ്ചു മണിക്കൂറോളം നടന്ന് കയറണമത്രെ! മൺറോഡ് ചുരുങ്ങി ചുരുങ്ങി ഒറ്റയടിപാത ആയിരിക്കുന്നു. ദുർഘടമായ കയറ്റം യാത്രയുടെ വേഗം വല്ലാതെ കുറച്ചിരുന്നു . ഉഷ ടീച്ചർ എല്ലാ ദിവസവും കടത്തിറങ്ങി ഈ ദുർഘടമായ പാതയിലൂടെ ആണ് സ്കൂളിൽ തുച്ഛമായ ദിവസവേതനത്തിൽ ജോലിക്കായി എത്തുന്നത്. പാതക്കിരുവശവുമുള്ള മുളങ്കാടുകളിൽ കാറ്റിരമ്പി. വെയിൽ വെട്ടം വീഴാത്ത കാട്ടുവഴികളിലൂ ഞങ്ങൾ അല്പം നിരപ്പായ പ്രദേശത്തെത്തിച്ചേർന്നു. കുറച്ച് അകലെ എവിടെ നിന്നോ കുട്ടികളുടെ കലപില ശബ്ദങ്ങൾ കേൾക്കാം. സ്കൂളിന് അടുത്തെത്തിയിരിക്കുന്നു. ഞങ്ങളുടെ ശബ്ദം കേട്ടപ്പോൾ ഉഷ ടീച്ചർ ഇറങ്ങിവന്നു. വിദ്യാലയം എന്ന് പറയാൻ ഒന്നുമില്ല. ഒരു അംഗനവാടിയുടെ അത്രയും വലിപ്പമുള്ള ഒരു മുറി. 15 കുട്ടികളുണ്ട് ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലേക്ക്. എല്ലാവരും ഇരിക്കുന്നത് ഒരു മുറിയിൽ. കുട്ടികൾ എല്ലാം വളരെ സന്തോഷത്തിലാണ് ഉച്ച ഭക്ഷണം കഴിഞ്ഞു കളിക്കുന്ന തിരക്ക്. ഒരു ദിവസത്തേക്ക് എട്ട് രൂപയാണ് ഒരു കുട്ടിക്ക് വേണ്ടി ഗവൺമെന്റ് നീക്കിവച്ചിരിക്കുന്നത്. കുട്ടികൾക്ക് മൂന്നുനേരവും ഭക്ഷണം കൊടുക്കുന്ന വിദ്യാലയത്തിന് എട്ടുരൂപ എന്താകാൻ. കുറെ സുമനസ്സുകളുടെ സഹായത്താൽ ദിവസവും ഭക്ഷണം കൊടുക്കാൻ കഴിയുന്നു. ഒരു മഴ മതി കുട്ടികളുടെ പഠിത്തം മുടക്കാൻ. ഉഷ ടീച്ചർ ആവേശത്തിലാണ്, ആളുകൾ പുഴ കയറി മല കയറി ഇവിടെ എത്തുന്നത് വളരെ അപൂർവ്വം. കുട്ടികൾക്കായുള്ള കാർത്തുമ്പി കുടയും, കാർത്തുമ്പി ബാഗും ഒപ്പം ഒരു ഷീറ്റും നൽകി. ബുക്കുകളും പെൻസിലുകളും കുറേ സുമനസ്സുകൾ നൽകിയിരിക്കുന്നു. സത്യത്തിൽ സ്വയം അറപ്പ് തോന്നുന്നു. അവരുടെ മണ്ണ്‌ കയ്യേറി, വിഭവങ്ങൾ കൊള്ളയടിച്ചു എന്നിട്ട് നാം ഔദാര്യം പോലെ അവർക്ക് വിഭവങ്ങൾ എത്തിച്ചുകൊടുക്കുന്നു, അതിന്റെ മേനി പറയുന്നു. കുട്ടികളുടെ പാട്ടും കളിയും എല്ലാം കേട്ട് തിരിച്ചിറങ്ങുമ്പോൾ മനസ്സ് ശൂന്യമായിരുന്നു

Sunday, October 14, 2018

ഹിന്ദു ഒരു സംസ്കാരം ആണ്. അതിനെ ഒരു മതമാക്കിയത് ക്രിസ്തുമതത്തിനും ഇസ്ലാംമതത്തിനും ശേഷമാണ് ഇതിനും മുൻപേ ബുദ്ധ മതവും ജൈനമതവും ഉണ്ടായിരുന്നു. ഇനി ഒറ്റകാര്യം ഈ മതത്തിൽപെട്ട ദൈവങ്ങൾക്കൊന്നും മനുഷ്യരുടെ ജനനവും മരണവുമായി ഒരു ബന്ധവും ഇല്ല. കാരണം നമ്മുടെ പൂർവികർ ഇപ്പോൾ പറയുന്ന ദൈവങ്ങൾക്കും മുൻപ് ജനിച്ചവരാണ്. അതായത് ഇപ്പോളുള്ള ദൈവങ്ങളെക്കാളും മുൻപേ ഇവിടെ മനുഷ്യകുലം ഉണ്ട്. അപ്പോൾ പിന്നെ നമ്മുടെ ജനനവുമായി ഇവർക്കെന്തു ബന്ധം. മതങ്ങൾ രൂപീകൃതമായ ശേഷം നമ്മുടെ പൂർവികർ ഏതോ മതത്തിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയാണ് ഉണ്ടായത്.അതിന് കാരണം അതാതു കാലത്തിന്റെ, ദേശത്തിന്റെ സവിശേഷതയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ ആചാരങ്ങളും മനുഷ്യനായി നിർമ്മിക്കപെട്ടവയാണ്. ക്രിസ്ത്യാനി ആകണമെങ്കിൽ മാമോദീസ കൂടണമെന്നുള്ളത് ഒരു വിഭാഗത്തിന്റെ ആചാരമാണ്. അല്ലാത്തവരും ക്രിസ്തുവിനെ പിൻതുടരുന്നുണ്ട്. അത് പോലെ തന്നെ ഇസ്ലാം ആകണമെങ്കിലും അവരുടേതായ ആചാരരീതികൾ ഉണ്ട്. മതവുമായി ബന്ധപെട്ടു നിൽക്കുന്ന ആചാരങ്ങളെല്ലാം അതാതു മതങ്ങളിൽ ഒരു പൗരോഹിത്യ വിഭാഗത്തിനെ വളർത്തിയെടുക്കാൻ മാത്രം സഹായിക്കുന്നതാണ്. മതത്തിന്‍റെ അധികാര കേന്ദ്രീകരണം അവിടെയാണ് നടക്കുന്നത്. ഹിന്ദുമതത്തിൽ അതാതു അമ്പലവുമായി ബന്ധപെട്ടു നിൽക്കുന്ന ആചാരങ്ങൾ ആണ്. മനുഷ്യ നിർമ്മിതവുമാണ്. ഹിന്ദു മതത്തിലെ എത്രയോ ആചാരങ്ങൾ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ശബരിമലയിലെ എത്രയോ ആചാരങ്ങൾ ഉപേഷിക്കപ്പെട്ടിരിക്കുന്നു. ആര്‍ത്തവം പ്രകൃതിയില്‍ മനുഷ്യന്‍റെ പ്രത്യുല്പാദന പ്രക്രിയയുടെ അവിഭാജ്യ ഘടകമാണ്. മാസത്തില്‍ ഒരിക്കല്‍ പുറംതള്ളുന്ന ആര്‍ത്തവരക്തം മനുഷ്യന്‍ നിത്യേന പുറംതള്ളുന്ന മലത്തെക്കള്‍ മലിനമാണെന്നും അശുദ്ധമാണെന്നും പറയുന്ന ആചാരപെരുമക്കാര്‍ ഒന്ന് ഇരുന്ന് ചിന്തിക്കണം, അശുദ്ധി എന്തിനാണെന്ന്. മലയരന്മാരും മറ്റ് പിന്നോക്ക വിഭാഗവും ഇതുപോലെയുള്ള ആചാരപ്രക്രീയയില്‍ നിന്നും പുറംതള്ളിയവരാണ്. ആചാരങ്ങളിൽ നിന്ന് വ്യതിചലിച്ച അന്നൊന്നും നഷ്ടപ്പെടാത്ത ശബരിമലയുടെ ചൈതന്യം ആര്‍ത്തവ സ്ത്രീകളാല്‍ പൊടുന്നനെ നഷ്ടപ്പെടുന്നു എന്ന് പറയുന്നവര്‍, സുപ്രീം കോടതിയുടെ മഹത്തരമായ വിധിയാല്‍ പൗരോഹിത്യ അധികാര കേന്ദ്രം അവര്‍ക്ക് നഷ്ടപ്പെടുമെന്ന ഭയത്തിലാണ് . ഭൂമിയിൽ മനുഷ്യൻ ആയി പിറന്നത് ഒരു മഹാത്ഭുതം തന്നെയാണ്. ആർത്തവരക്തത്താൽ, പ്രത്യുല്പ്പാദന പ്രക്രീയയാൽ പ്രകൃതിയും മനുഷ്യകുലവും മഹത്വപ്പെട്ടിരിക്കിന്നു


ആർത്തവം പൂത്ത വഴികളിലൂടെ,
ജനിമൃതികളുടെ സന്ദേഹങ്ങളില്ലാതെ,
ഒഴുകിയെത്തിയവനാണ്.
അശുദ്ധമെന്ന് വിധിക്കപ്പെട്ട-
വിശുദ്ധ രക്തത്തിന്റെ-
ആവര്‍ത്തന പുറംതള്ളലാല്‍ മാത്രം,
പൂവിട്ടവൻ.
തിരിഞ്ഞൊന്നുറച്ചു നോക്കിയാൽ -
തീരുന്നൊരാചാരപെരുമയെ,
കാലം നോക്കി പരിഹസിക്കും മുൻപേ-
മകളോട്, സഖിയോട്,അമ്മയോട്, പെങ്ങളോട് -
ഉറക്കെ പറയണം,
ചിലപ്പോഴെങ്കിലും കാലത്തിന് -
മുൻപേ നടക്കാൻ.
ഊർന്നിറ്റു പോകുന്ന ഓരോ-
തുള്ളി രക്തത്തിലൂടെയും-
പ്രകൃതി
നിങ്ങളാൽ മഹത്വപ്പെട്ടിരിക്കുന്നു

Monday, May 14, 2018


ഷാജുവെ,
രണ്ടടി പിന്നോട്ട് വായിച്ചെന്റെ ചിന്തകൾ
രണ്ടടി മുന്നോട്ട് പോയി ഉന്മത്തനായി
തലച്ചോറ് പൊട്ടിചിതറി ചിത്രശലഭങ്ങളായി
നൃത്തം വെക്കുന്നു .
ഷാജുവെ,
നിന്റെ പ്രണയ ഫോസിലുകൾ
വരുന്ന വിവാഹ വാർഷികത്തിന്റെ-
ഫേസ്ബുക്ക് സ്റ്റാറ്റസാക്കാമെന്നു പറഞ്ഞപ്പോളുറങ്ങി-
പോയതാണെന്റെ ഭാര്യ.
ഷാജുവെ,
നിന്റെ കവിതകൾ-
എന്റെ ഉറക്കത്തിലും-
മാസ്മരികമായ ചില ഗന്ധങ്ങൾ-
പുറപ്പെടുവിക്കുന്നുണ്ട്.
എത്രസാധാരണമാണ്,
എത്രസ്വഭാവികമാണ്,
എന്തെന്തത്ഭുതമാണ്.
വാക്കുകൾ പൂക്കുന്ന മരമാണ് നീ.

Tuesday, March 20, 2018

വയനാടി

നിന്നിലേക്കുള്ള ഓരോ യാത്രയും,
വരണ്ട പുഴയുടെ മഴ തേടലാണ്.

ആർത്തവം നിലച്ച ആകാശത്തിന്റെ
പൊള്ളലിൽ, വിണ്ടു കീറിയ പുഴപ്പാടുകളിലേക്ക് -
നീ അരുവിയായ് എന്നിലേക്കുറവ -
പൊട്ടണം

നിഴല് കുറുകുന്ന ഉച്ചവെയിലിൽ-
നെറുകയിൽ ചുംബിച്ച്,
ഒരോ അണുവിലും തണുപ്പ് പെയ്ത്  നീ ഒഴുകി ഇറങ്ങണം

എനിക്കും നിനക്കുമിടയിലെ-
ഒരു മഴകാതമുപേക്ഷിച്ച്,
നിന്നിലേക്ക്‌ മടങ്ങണം

എന്നിൽ വന്യതയുടെ ലഹരി നിറക്കുന്ന-
കാഴ്ചകൾ പൂക്കുന്ന-
കാടാണെനിക്ക് നീ...

Thursday, March 1, 2018

നിന്റെയൊക്കെ കണ്ണുണ്ടല്ലോ, 
വികാര രഹിതമായ് കാഴ്ചകൾ കാണുന്ന-
ക്യാമറ കണ്ണുകൾ, 
വിശപ്പും ദൈന്യതയും തിരിച്ചറിയാനാവാത്ത, 
സെൽഫിക്ക് വേണ്ടി-
മാത്രം ഉദ്ധരിക്കുന്ന ക്യാമറ കണ്ണുകൾ, 
ചൂഴ്ന്നെടുക്കണം അവയെ...

Tuesday, February 27, 2018

നിന്‍റെ ഉടൽ പൂത്തുലഞ്ഞ ഗന്ധം എന്റെ 
സിരകളെ ഉണര്‍ത്തുന്നു
നിന്റെ അധരങ്ങളിൽ പൂത്ത-
പ്രണയ ചഷകങ്ങളിൽ നിന്നൊരല്പം ഇറ്റിച് തരിക.
എന്റെ ഊഷരമായ യാത്രകള്‍ക്ക്-
പ്രണയ ചിന്തകളേകുവാന്‍.
കര്‍ക്കിടക പെയ്ത്തോഴിഞ്ഞ-
നിന്‍റെ കണ്ണുകളിലെ
പ്രണയത്തിന്റെ തീഷ്ണത-
ഒരു നോട്ടത്തിലെങ്കിലും
എനിക്കനുഭവിക്കണം,
കൊടിയ വേനലിലും മഴ പൂക്കുവാന്‍... 


Thursday, March 30, 2017

ദൈവത്തിന്‍റെ കൈയൊപ്പ്‌ കിട്ടിയ ദ്വീപുകള്‍


കവരത്തിയിൽ നിന്നും മാലിക് മുസ്തഫ ഖാൻ എന്ന മാലിക്ജിയോട് യാത്ര പറയുമ്പോൾ മനസ്സിന്  അല്പം കനം വെച്ചതുപോലെ തോന്നി. വെറും അഞ്ച് ദിവസം മാത്രം പരിചയമുള്ള മാലിക് എന്ന ചെറുപ്പക്കാരൻ എത്ര പെട്ടെന്നാണ് എന്റെയും മോഹനചന്ദ്രകർത്ത എന്ന കർത്താജിയുടെയും ഭാഗമായത്. അറേബ്യൻസീ എന്ന കപ്പൽ കവരത്തി തീരം വിടുമ്പോൾ സൂര്യൻ അറബികടലിന്റെ ആഴങ്ങളിലേക്ക് പകലിനെ ഒളിപ്പിക്കാനുള്ള വെമ്പലിൽ ആയിരുന്നു. ആകാശം പൂത്ത്  വാകപൂവുകൾ ചിതറികിടന്ന സന്ധ്യയിൽ, കപ്പലിന്റെ മടിത്തട്ടിൽ കിടന്നു ഞാനും  കർത്താജിയും മൗനം കൊണ്ട് പറഞ്ഞതും കവരത്തിയിലെ കഴിഞ്ഞ ദിവസങ്ങളിലെ ഓർമ ചിത്രങ്ങൾ തന്നെയാകണം.

നവംബറിലെ ഒരു മഴ നനഞ്ഞ പ്രഭാതത്തിൽ ആണ് ഞങ്ങള്‍ തിരുവനന്തപുരത്തുനിന്നു കവരത്തിയിലേക്ക് വിമാനം കയറിയത്. ഓരോ വിമാനയാത്രയിലും എനിക്കോർമ്മ വരിക എന്റെ ബാല്യകാലമാണ്. കുറത്തികാവിലെ പഞ്ചസാര മണ്ണുള്ള പാടവരമ്പിലൂടെ  പട്ടം പറത്തി കളിക്കുമ്പോൾ ആകാശത്തിലൂടെ പോകുന്ന വിമാനത്തെ കണ്ടു അത്ഭുതം കൂറും. ഒരിക്കൽ വിമാനത്തിൽ കയറണമെന്നും, എന്റെ വീടിന്റെ മുകളിലെത്തുമ്പോൾ വിമാനത്തിൽ നിന്ന് ഒരു കത്തെഴുതി വീടിന്റെ മുകളിലേക്ക് ഇടണമെന്ന് എന്നൊരു സ്വപ്നമുണ്ടായിരുന്നു കുട്ടികാലത്ത്. അതിലെ പൊട്ടത്തരത്തിന്റെ വ്യാപ്തി  മനസ്സിലായത് ആദ്യ വിമാനയാത്രയില്‍ മാത്രമായിരുന്നു.      

                                            

കൊച്ചിയില്‍ നിന്നുമുള്ള ചെറുയാത്രാവിമാനത്തില്‍ വളരെ കുറച്ചു യാത്രക്കാര്‍ മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ രണ്ടു സൈഡ് സീറ്റുകള്‍ തരമാക്കി ഞങ്ങള്‍ യാത്ര ആസ്വദിക്കാനായി ഇരുന്നു. ആകാശം കറുപ്പിച്ച് കരിമേഘങ്ങള്‍ അപ്പോഴും  മഴ പെയ്യാതെ പിണങ്ങി നിന്നു. താഴെ അറബികടല്‍, തന്റെ സൗന്ദര്യം ജലോപരിതലത്തിലേക്ക് ആവാഹിച്ച്, ക്ഷോഭങ്ങളെ ആഴങ്ങളില്‍ ഒളിപ്പിച്ച് ശാന്തയായ് തോന്നിപ്പിച്ചു. താഴെ വലിയ കപ്പലുകള്‍ ഒരു ചെറിയ തീപ്പെട്ടി കൂട് പോലെ ഇടയ്ക്കിടക്ക് കാഴ്ചയിലേക്ക് ഒഴുകി വന്നു കൊണ്ടേയിരുന്നു. ഇടയ്ക്കെപ്പോഴോ ഒരു വലിയ തുരുത്ത് കാഴ്ചയില്‍ പെട്ടത് വലിയ ഒരത്ഭുതമായിരുന്നു. കടല്‍ ഒരു ദ്വീപ്‌ സൃഷ്ടിക്കുന്ന പോലെ. കുറെ വെളുത്ത മണ്ണ് കൂടി ചേര്‍ന്നൊരു തുരുത്ത്. ഒരു ചെടി പോലും ഇല്ലാത്ത, വെറും പഞ്ചസാര മണല്‍ തുരുത്ത്.  എപ്പോഴെങ്കിലും ഒരു ദേശാടന പക്ഷി ഇവിടെ വരുന്നതും തന്റെ വിസര്‍ജ്യത്തിനോടൊപ്പം  ഒരു ചെടിയുടെ  വിത്ത് പാകുന്നതും, ചെടികള്‍ വളര്‍ന്ന് മരമാകുന്നതും, പരാഗണത്തില്‍ പൂത്ത്, തുരുത്ത് കടല്‍ മരങ്ങളെ പ്രസവിക്കുന്നതും, മണല്‍തുരുത്ത് ഒരു ദ്വീപാവുന്നതും  സ്വപ്നം കണ്ടിരിക്കുമ്പോഴാണ് വിമാനം അഗത്തി വിമാനത്താവളത്തിലെത്തിയതിന്റെ സൂചനകള്‍ നല്‍കി കൊണ്ട് പൈലെറ്റിന്റെ അറിയിപ്പ് വന്നത്.

അഗത്തിയിലെ ആകാശ കാഴ്ചകള്‍ അതിമനോഹരമായിരുന്നു.ഒരു ഷാoപെയ്ന്‍ കുപ്പിയുടെ ആകാരമുള്ള ഒരു ചെറു ദ്വീപ്‌. താഴെ പച്ചകടല്‍ ഒരു വശ്യമായ തിരയിളക്കത്തോടെ അഥിതികളെ ആകര്‍ഷിച്ചു കൊണ്ടേയിരുന്നു. ദ്വീപിലെ നീണ്ട ലഗൂണ്‍ തീരം അടിത്തട്ടിലെ പഞ്ചസാര മണലുകളെ തെളിമയുടെ നിഷ്കളങ്ക ഭാവത്തില്‍ കണ്ണുകളെ ഈറനണിയിച്ചു. അഗത്തി  ഒരു ചെറിയ ദ്വീപാണ് വെറും 2.7  ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു ചെറിയ ദ്വീപ്‌, വളരെ കുറച്ച് താമസക്കാര്‍ മാത്രമുള്ള ദ്വീപില്‍ ഒരു ചെറു വിമാനത്താവളം, ഒരാശുപത്രി എന്നിവയാണ് പ്രധാനപ്പെട്ട  സ്ഥാപനങ്ങള്‍.


അഗത്തിയില്‍ നിന്നും ഹെലികോപ്റ്ററില്‍ കവരത്തിയിലേക്ക് ഉള്ള യാത്ര അതിലും മനോഹരമായിരുന്നു. കടലിന്‍റെ നിഗൂഡമായ തിരയിളക്കം അടുത്ത്കണ്ട്, കടല്‍മേലെ ഒരു ആകാശ പക്ഷിയെ പോലെ ഞങ്ങളുടെ ഹെലികോപ്റ്റര്‍. കാലാന്തരത്തില്‍ പ്രണയിനിയെ കണ്ട  കാമുകന്‍റെ മനസ്സ് പോലെ  കാഴ്ചകള്‍, വാക്കുകള്‍ക്കതീതം. ദൂരെ ഒരു ചെറു പൊട്ടുപോലെ കവരത്തി കാണുകയായ്. തീരത്തടുക്കുന്തോറും കാഴ്ചകളുടെ വ്യാപ്തി കൂടി വന്നു. സമുദ്രത്തെക്കാള്‍ പഴക്കമുള്ള ഒരു കപ്പല്‍ കവരത്തിയുടെ തീരത്ത്  ജനിമൃതികളുടെ  സാക്ഷ്യപ്പെടുത്തലായി   തുരുമ്പെടുത്തു കിടക്കുന്നു. തീരക്കാറ്റില്‍ നഗ്നത മറയ്ക്കാന്‍ പാടുപെടുന്ന തെങ്ങുകള്‍, മരങ്ങളാല്‍ മറയ്ക്കപ്പെട്ട, തീപ്പട്ടി കൂടുകള്‍ പോലെ അങ്ങിങ്ങ് കാണുന്ന വീടുകള്‍. കവരത്തി ഒരു പച്ച പുതപ്പില്‍ തണുത്തുറങ്ങുന്നു.


ഹെലിപ്പാഡിനരികില്‍ കുറേപ്പേരുണ്ട്, യാത്ര കഴിഞ്ഞ് വന്നവരെ സ്വീകരിക്കാനും, യാത്രക്കൊരുങ്ങുന്നവരെ യാത്രയയക്കാനും. രണ്ടും വളെരെ വയ്കാരികമായാണ് ദ്വീപുകാര്‍ ചെയ്യുന്നത് എന്ന് തോന്നിപ്പോയി. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും മാലിക് എന്ന് സ്വയം പരിചയപ്പെടുത്തി ഒരു ചെറുപ്പക്കാരന്‍ ഞങ്ങളെ ഹാര്‍ദവമായ്   സ്വാഗതം ചെയ്തു. മാലിക് കവരത്തിയിലെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട് മെന്റിലെ  ഒരുദ്യോഗസ്ഥന്‍ ആണ്.    ഗവര്‍മെണ്ട്‌ ഗസ്റ്റ് ഹൌസിലേക്കുള്ള ചെറു യാത്രക്കിടയില്‍  മാലിക് ലക്ഷദ്വീപ് സമൂഹത്തിന്റെ ഒരു ചെറുചിത്രം ഞങ്ങള്‍ക്ക് വിവരിച്ചു തന്നു. ഏകദേശം പതിനൊന്നോളം  ദ്വീപുകള്‍ ചേര്‍ന്ന ദ്വീപ്‌സമൂഹമാണ്‌ ലക്ഷദ്വീപ്. കവരത്തിയാണ് തലസ്ഥാനമായി വര്‍ത്തിക്കുന്നത് . കവരത്തിക്ക്  വെറും 4  ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണo.തെങ്ങുകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു,കേരളത്തിന്റെ തീരപ്രദേശം പോലെ മോനോഹരം. കൊച്ചിയില്‍ നിന്ന് ഏകദേശം 400 കിലോ മീറ്റര്‍ അകലെയായാണ് ദ്വീപുകള്‍ സ്ഥിതി ചെയ്യുന്നത്. വിമാനവും കപ്പലുമാണ് യാത്രാ മാധ്യമങ്ങള്‍. ദ്വീപുകള്‍ക്കിടയിലുള്ള യാത്രക്ക് ചെറിയ വെസ്സലുകള്‍ ആണുള്ളത്. അത് തന്നെ ആഴ്ചയില്‍ വല്ലപോഴും മാത്ര൦. യാത്രയയപ്പുകളും സ്വീകരണങ്ങളും   വയ്കാരികമായതിന്റെ കാരണങ്ങള്‍ കൂടുതല്‍ അന്വേഷിക്കേണ്ടി വന്നില്ല.


ഔദ്യോഗിക മീറ്റിംങ്ങുകള്‍ക്ക് ശേഷം മാലിക്ക് ഞങ്ങളെ കൊണ്ടുപോയത് മോനോഹരമായ ഒരു കടല്‍ തീരത്തേക്കായിരുന്നു.  വിശാലമായ ലഗൂണ്‍ തീരമാണ് ലക്ഷദ്വീപിന്റെ മനോഹാരിത. സിനിമകളില്‍ കാണുന്ന വിദേശ ബീച്ചുകളോട് കിടപിടിക്കുന്ന സൗന്ദര്യം. കടല്‍കുളിയാണ് ഏറെ മനോഹരം, കടലില്‍ കുറെയധികം ദൂരത്തേക്കിറങ്ങി കുളിക്കാം. നിയന്ത്രിത ടൂറിസം ആയത് കൊണ്ട് വലിയ തിരക്കില്ല. സൂര്യാസ്തമനം വേറിട്ട കാഴ്ചതന്നെ. മാലിക്കിന്‍റെ സുഹൃത്തുക്കള്‍ റൌഫ്, ലത്തീഫ് അങ്ങനെ കുറെയധികം പേരുണ്ട്. ഏവരും അവരോടു അടുപ്പമുള്ള വരോട് പെരുമാറുന്നപോലെ വളരെ ഹൃദ്യമായ പെരുമാറ്റം. ഒരു രാത്രികൊണ്ട്‌ അവര്‍ നമ്മളുടെ ആരെക്കൊയോ ആയി മാറുന്നപോലെ. രാത്രി വളരെ വൈകി റൂമിലെത്തി പിരിഞ്ഞപ്പോള്‍ മനസ്സിന് വളരെ സന്തോഷം തോന്നിപ്പോയി. ഒരു പരിചയവുമില്ലാത്ത സ്ഥലം സ്വന്തം സ്ഥലം പോലെ പരിചിതമാകുന്നു , വഴിയില്‍ കാണുന്നവര്‍ പോലും ഹൃദ്യമായ പുഞ്ചിരിയോടെ നമ്മെ സ്വീകരിക്കുന്നു, വല്ലാത്തൊരു അനുഭുതി.
                                      

അടുത്ത ദിവസത്തെ മീറ്റിംഗിന് ശേഷമാണ് മറ്റ് രണ്ട് ദ്വീപുകള്‍ കൂടി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്, അതില്‍ ഒന്ന് മാലിക്കിന്‍റെ ജന്മദേശമായ അമേനി ദ്വീപും, മറ്റേത് മനോഹരമായ കല്പേനി ദ്വീപും. രാവിലെ വെസ്സലില്‍ കല്പേനിയിലേക്ക് യാത്ര തിരിച്ചു. ഏകദേശം 2 മണിക്കൂര്‍ യാത്രയാണ് കല്പേനിയിലേക്കുള്ളത്.പ്രഭാതത്തില്‍ കടലില്‍ക്കൂടിയുള്ള ആദ്യയാത്ര പറഞ്ഞറിയിക്കാന്‍ വയ്യാത്തത്ര മനോഹരമായിരുന്നു.  വെസ്സലിന്റെ പിന്‍ഭാഗം അല്പം വിശാലമാണ് അവിടെനിന്ന് കണ്ട ഉള്‍ക്കടല്‍ കാഴ്ച്ചകളിലാണ് അറബികടലിന്റെ ക്ഷോഭവും, തിരമാലകളുടെ താളവും അടുത്തറിയുന്നത്. ഉയര്‍ന്ന് താഴുന്ന തിരമാലകള്‍ക്കനുശ്രതമായി ഉയര്‍ന്ന് താഴുന്ന വെസ്സല്‍, ഇളം നീല നിറത്തില്‍ അനന്തമായ ആകാശവും കടലും കൂടിച്ചേര്‍ന്നങ്ങനെ കവിത്വം തുളുമ്പുന്ന പരിസരം. ഹൃദയത്തില്‍ പ്രസരിക്കുന്ന വികാരരേണുക്കള്‍ ഏതു കഠിനഹൃദയനെയും തരളിതനാക്കുമെന്നുറപ്പ്. 


മാലികിന്റെ ഭാര്യ ഞങ്ങള്‍ക്ക് വേണ്ടി നല്ല രുചിയുള്ള ചപ്പാത്തിയും കുറുക്കിയ മീന്‍ കറിയും പൊതി കെട്ടി തന്നിട്ടുണ്ടായിരുന്നു. ട്യുണ അഥവാ ചൂര മീന്‍ ഇത്ര രുചിയോടെ ആദ്യമായി കഴിക്കുകയായിരുന്നു. ലക്ഷദ്വീപിലെ പ്രധാന മത്സ്യ സമ്പത്താണ്‌ ട്യുണ.  കല്പേനിയില്‍ വെസ്സലിനു അടുക്കാന്‍ പറ്റിയ തീരമല്ല, അതുകൊണ്ട് കരയില്‍നിന്നും ചെറിയ ബോട്ടുകള്‍ ഉള്‍ക്കടലില്‍ എത്തിച്ചുവേണം യാത്രക്കാരെ കല്പേനിയിലേക്കെത്തിക്കേണ്ടത്‌. വെസ്സേലില്‍ നിന്ന് ചെറിയ ബോട്ടിലേക്ക് മാറി കയറുമ്പോള്‍ ഒരു ഭയം തോന്നുമെങ്കിലും, കയറി കഴിഞ്ഞാല്‍ "ഇതൊക്കെയെന്ത്"  എന്നൊരു സലിംകുമാര്‍ ചിന്ത മനസ്സിലേക്കോടിയെത്തും. തിരമാലകളെ തഴുകി ചെറുബോട്ടിലുള്ള യാത്രയും  മനോഹരമാണ്. കല്പേനിയിലെ മീറ്റിംഗിന് ശേഷo മാലിക്ക് ഞങ്ങളെ കൊണ്ടുപോയത് അതിമനോഹരമായ ഒരു ബീച്ചിലേക്കായിരുന്നു. പച്ചകടലും, നീലാകാശവും, പഞ്ചസാര മണലും, ചെറുതിരകളും തീര്‍ത്ത  സ്വര്ഗ്ഗസുന്ദരമായ ഒരു ഭൂമിക. പ്രകൃതിയെ പ്രണയിക്കുവാന്‍ വേണ്ടി ദൈവം ഇവിടെ കൊണ്ടെത്തിച്ചതാണെന്ന ഉത്ക്കടമായ ഒരു തോന്നല്‍.  ഒരു കടല്‍ക്കുളിക്ക് അതിയായ മോഹമുണ്ടായിരുന്നെങ്കിലും അമേനിയിലേക്കുള്ള യാത്രക്കായ്‌ ഏര്‍പ്പെടുത്തിയ ചെറുബോട്ട് എത്തിയതിനാല്‍ മോഹമുപേ ക്ഷിച്ച് വീണ്ടും കടല്‍ യാത്ര. കല്പേനിയിലും മാലിക്കിന് നിറയെ സുഹൃത്തുക്കള്‍ ഉണ്ട്. കരയില്‍ നിന്ന് വന്നവരാണെന്ന് പറഞ്ഞപ്പോള്‍, കേരളത്തില്‍ നിന്നുള്ളവരെ അങ്ങനെയാണ് ദ്വീപില്‍ ഉള്ളവര്‍ സംബോധന  ചെയ്യുന്നത്, അവര്‍ക്കെല്ലാം വളരെ സന്തോഷം. 

     Inline image 1   

ഒരു മണിക്കൂര്‍  കടല്‍യാത്രക്ക് ശേഷം അമേനി ദ്വീപില്‍ എത്തിയപ്പോഴേക്കും സന്ധ്യ കഴിഞ്ഞിരുന്നു. മാലിക്കിന്‍റെ വീട്ടില്‍ അന്തിയുറക്കം. രാവിലെ തന്നെ മാലിക്കിന്‍റെ എളാപ്പയുടെ വീട്ടില്‍ നിന്ന് വിഭവ സമൃദ്ധമായ പ്രഭാത ഭക്ഷണത്തിന് ശേഷം ഔദ്യോഗിക മീറ്റിങ്ങുകള്‍. മീറ്റിങ്ങിനു ശേഷം നാടുകാണല്‍, അമേനിയും ചെറിയ ദ്വീപാണ് അമേനിയുടെ സൗന്ദര്യം തെങ്ങുകളാല്‍ സമൃദ്ധമായ തോപ്പുകളാണ്. മഴവീണ് തളിര്‍ത്ത ചെറുചെടികള്‍ പച്ചപ്പിന്റെ സുഗന്ധം പരത്തി അമേനിയില്‍ അങ്ങോളമിങ്ങോളം പച്ചപരവതാനി വിരിച്ചിരിക്കുന്നു. ഉച്ചഭക്ഷണം മാലികിന്റെ മറ്റൊരു ബന്ധുവിന്‍റെ വീട്ടില്‍.   മാലിക്കിന്‍റെ വാപ്പയും മാലിക്കിന്‍റെ ഭാര്യയുടെ വാപ്പയും കുടുംബവും എല്ലാം തങ്ങളുടെ കുടുംബക്കാരെ പോലെയാണ് ഞങ്ങളെ വരവേറ്റത്. രാത്രിയേറെ ഞങ്ങള്‍ എല്ലാവരുമായി സംസാരിച്ചിരുന്നു. രാത്രി ഭക്ഷണവും വിഭവങ്ങളാല്‍ സമൃദ്ധം. ചൂര മീനിന്‍റെ പല രീതിയില്‍ പാചകം   ചെയ്ത വിഭവങ്ങള്‍. രാവിലെ തിരികെ  കവരത്തിയിലേക്ക് പോരുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു. 



കവരത്തിയില്‍  അവസാന വട്ട ഔദ്യൊഗിക മീറ്റിങ്ങുകള്‍ക്ക് ശേഷം അത്ഭുത കടല്‍കാഴ്ച്ചകളുടെ ദിവസമായിരുന്നു. ബീച്ചില്‍ നിന്ന് ഒരു ഗ്ലാസ്‌ ബോട്ട് തരപ്പെടുത്തി മാലിക്കും സുഹുര്ത്തുക്കളും കൂടി ഞങ്ങളെ ഉള്‍ക്കടലിലേക്ക് കൊണ്ടുപോയി. പെയ്യാന്‍ വിതുമ്പി ആകാശം അപ്പോഴും പിണങ്ങി മുഖം വീര്‍പ്പിച്ചു നിന്നു. ഗ്ലാസ്സിനടിയില്‍ കൂടി ചെറുതും വലുതുമായ വിവിധ വര്‍ണങ്ങളില്‍ ഉള്ള മീനുകളുടെ കാഴ്ച്ച മനോഹരമായിരുന്നു. കരയില്‍നിന്നും കുറെയേറെ അകലെ കടലില്‍ നങ്കുരമിട്ട് ബോട്ട് നിന്നു. കൈകുടന്നയില്‍ കോരിയെടുക്കാന്‍ പാകത്തില്‍  ചെറുമീനുകള്‍ ബോട്ടിന് ചുറ്റും വട്ടം കൂടുന്നു. മീനുകള്‍ക്കായുള്ള ഭക്ഷണവും ഞങ്ങള്‍ കരുതിയിരുന്നു. അവിടെ വെച്ചാണ് മാലിക് സ്നോര്‍ക്ലിംഗിനെ കുറിച്ച് പറയുന്നത്. അതിനാവിശ്യമുള്ള ലൈഫ് ജാക്കറ്റ്,  ഗ്ലാസ്സും, , മാസ്കും, ശ്വസിക്കാനുള്ള പൈപ്പും എല്ലാം ബോട്ടിലുണ്ടായിരുന്നു. പവിഴപുറ്റുകളെ കാണാന്‍ കിട്ടിയ സുവര്‍ണ്ണ അവസരം, മനസ്സില്‍ ഭയാശങ്കകള്‍.ബോട്ടില്‍ ഇരുന്നാല്‍ കടല്‍പാറകള്‍(Reef) കാണാം, അവിടെനിന്നുവേണം കടലിലേക്ക്‌ ചാടാന്‍. മാലിക്കിന്‍റെ സുഹുര്‍ത്ത്  ലത്തീഫ് പറഞ്ഞതോര്‍മ്മയുണ്ട്‌, സൊകാര്യ നഷ്ടങ്ങളെക്കുറിച്ചോര്ത്ത്  മനസ്സ് നോവുമ്പോള്‍ ബോട്ടെടുത്ത്‌ നേരെ കടലിലേക്കിറങ്ങും, കണ്ണുകള്‍ തുറന്ന് പിടിച്ച് അടിത്തട്ടിലേക്ക് ഊളിയിടും. ജീവിതത്തിന്‍റെ എല്ലാ സങ്കടങ്ങളും അദ്ദേഹം ഒഴുക്കി കളയുന്നത് ഈ കടല്‍ കാഴ്ച്ചയിലത്രേ. ധൈര്യം സംഭരിച്ച്  കടല്‍പാറയിലേക്ക് ഇറങ്ങി നിന്നു. കര്‍ത്ത സാര്‍ "നാഗവല്ലിയുടെ ആടയാഭരണങ്ങള്‍  കണ്ട ഗംഗയെ പോലെ" ഉന്മത്തനായി  കടിലില്‍ക്കൂടി ഒഴുകി നടക്കുന്നു. മൂന്നാമത്തെ മുങ്ങലിന് ധൈര്യം ഒത്തുവന്ന ഞാന്‍, കടലാഴങ്ങളില്‍ കണ്ട നിറക്കാഴ്ചകളില്‍ മതി മറന്ന് ഒഴുകി നടന്നു. തെളിമയുള്ള കടല്‍ വെള്ളത്തില്‍ കൂടി കടലിന്റെ അടിത്തട്ടിലെ പഞ്ചസാര മണല്‍ വരെ കാണാം. കടലോഴുക്കില്‍ പവിഴപുറ്റുകളുടെ വര്‍ണ്ണാഭമായ നൃത്ത ചുവടുകള്‍, വിവിധയിനം മീനുകളുടെ  കൂടെ ഒഴുകി, കുട്ടികാലത്ത് കേട്ട മത്സ്യകന്യകയുടെ കഥകളിലെ വര്‍ണ്ണാഭമായ കൊട്ടരസദസ്സില്‍ എത്തിയപോലൊരു തോന്നല്‍.  


ഒരു വയലെറ്റ് നിറമുള്ള നക്ഷത്ര മത്സ്യം ആകാശത്തിലെ നക്ഷത്രങ്ങളെ പോലെ മിന്നി മിന്നിത്തെളിഞ്ഞു എന്‍റെ നിറകാഴ്ച്ചകള്‍ക്ക് മിഴിവേകി. കടല്‍ ചിപ്പികള്‍ നിന്ന് കുമിളകള്‍ ഉയര്‍ന്ന് വന്ന്  ഒരായിരം കിന്നാരങ്ങള്‍ കൈമാറി. ഒരു റീഫില്‍ നിന്നും മറ്റൊരു റീഫിലേക്ക് ഒഴുകി ഞങ്ങള്‍ കടലാഴങ്ങളില്‍ ഒരുക്കിയ നിറകാഴ്ച്ചകള്‍ കണ്ട് മതിമറന്നു. മഴയുടെ ആരവം അടുത്തുവന്ന സമയത്ത് മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ തിരികെ ബോട്ടില്‍ കേറി. മഴ ഒരു രവമായി ഒഴുകിയെത്തുന്നു, അകലെ കടലില്‍ പതിച്ച്, ഒരു തിരപോലെ തഴുകിയെത്തി ഞങ്ങളെ പൊതിഞ്ഞു നിന്നു.  ലത്തീഫ്, നിങ്ങള്‍ പറഞ്ഞതെത്ര ശെരിയാണ്, സങ്കടങ്ങളെ മായ്ക്കാന്‍ മാത്രമല്ല, ഒരു പുതിയ ജന്മം കൂടി നല്‍കാന്‍ കഴിയും ഈ കടലാഴങ്ങള്‍ക്ക്. 






അറേബ്യന്‍സീ എന്ന കപ്പല്‍ കവരത്തി തീരം വിടുന്ന ഈ ചുവന്ന സന്ധ്യയില്‍ മനസ്സിന്‍റെ നൊമ്പരമെന്താണ്...  കാഴ്ച്ചകളുടെ നഷ്ടമോ അതോ ഞങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച കുറെ നല്ല മനുഷ്യരെ വിട്ട് പിരിയുന്നതോ... റൌഫ്...കഴിഞ്ഞദിവസം, തുരുമ്പിച്ച ആ കപ്പല്‍ഛേദത്തിനരികെ ചൂണ്ടയിട്ടു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞതോര്‍മ്മയുണ്ടോ, ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗം ഉണ്ടെങ്കില്‍ അതിതാണ്... അതിതാണ്... ഇവിടം സ്വര്ഗ്ഗമാകുന്നത് ദൈവത്തിന്‍റെ കയൊപ്പുകൊണ്ട് മാത്രമല്ല, നിങ്ങളുടെ ഹൃദയത്തില്‍ നിന്നൂര്‍ന്നിറങ്ങുന്ന സ്നേഹത്തില്‍ ചാലിച്ച സഹൃദയത്വം കൊണ്ട് കൂടിയാണ്. 
         

Monday, May 30, 2016

ഒരു വീട് ബലാല്‍സംഗം ചെയ്യപെടുന്നു

ഭൂതകാലം മുറിച്ചു
മാറ്റപ്പെട്ടവളുടെ  
വര്‍ത്തമാനകാലം- 
ചൂഴ്ന്നെടുത്ത്-ചര്‍ച്ചകള്‍.
നിശാക്ലബിലെ-
ആഘോഷ രാവുപോലെ-
കണ്ണില്‍ കണ്ടവരെയൊക്കെ-
മാനഭംഗം ചെയ്യുന്നു.

ഓടാമ്പല്‍ ഇല്ലാത്ത 
വീടിന്‍റെ അളവെടുക്കാന്‍ 
വന്ന ക്യാമറ,
ഒരു പുറമ്പോക്ക് വീടിന്‍റെ 
നഗ്നത കണ്ട് ആര്ത്തിപെടുന്നു.
ഒരു വീട്-
ബലാല്‍സംഗം ചെയ്യപെടുന്നു. 

ദളിതന്‍റെ അടുക്കളയില്‍, കുഴി കുത്തി-
സംസ്ക്കരിക്കപെട്ടവരുടെ മൃതദേഹങ്ങള്‍-
ഉയിര്‍ത്തെണീറ്റ്,
സീരിയല്‍ മാറ്റി, ചാനല്‍ ചര്‍ച്ച കണ്ട്-
കണ്ണീര്‍ വാര്‍ക്കുന്ന,
പെന്‍ഷന്‍ പറ്റിയ വിപ്ലവകാരികളെ-
നോക്കി ഇളിഭ്യരാക്കി- 
ചിരിക്കുന്നു.

കവിതയെഴുതി കാശ് വാങ്ങി-
ശീതികരിച്ച മുറിയില്‍ 
കിടന്നുറങ്ങിയ കവിയെ- 
വിളിച്ചുണര്‍ത്തി ഇര പറയുന്നു,
ഭൂതവും ഭാവിയും വര്‍ത്തമാനവും 
ഇല്ലാത്തവരത്രേ ദളിതര്‍ 

Monday, April 25, 2016

മുന്ന് കവിതകള്‍

ഒന്ന് 

എന്റെ പ്രണയത്തിന്റെ,
വിരഹത്തിന്റെ,
നൊമ്പരങ്ങളുടെ,
പ്രത്യാശകളുടെ, 
സാക്ഷ്യപെടുത്തലുകളാണ്  നീ

രണ്ട്

കാറ്റ് ഒരോർമ്മയാണെന്ന് 
പറഞ്ഞത് നീയാണ്.

ചില്ലിട്ട് വെക്കുവാൻ ചിത്രങ്ങളില്ലെന്ന് 
പറഞ്ഞതും നീയാണ്.

മഴ പെയ്യുമ്പോൾ 
മനസ്സ് തേടിയത് നിന്നെയാണ് 

ഉഷ്ണചിറകുള്ള 
പൂമ്പാറ്റ കളെ കാട്ടിത്തന്നത് 
ഞാനാണ് 

പൂക്കളുടെ പരാഗണത്തിന്റെ 
നിറക്കാഴ്ചകളാണ്
പൂമ്പാറ്റകളുടെ 
ലോകമെന്നുള്ള തിരിച്ചറിവ്
വന്നപ്പോഴേക്കും 
മനസ്സ് മരിച്ചിരുന്നു.  
കാലം ഘടികാരം സാക്ഷി. 


മൂന്ന് 

ഋതുഭേദങ്ങളുടെ 
നേർകാഴ്ച്ചയാണ് ജീവിതം.
ഗ്രീഷ്മത്തിൽ പൊഴിഞ്ഞു 
വീഴുന്ന വസന്തവും 
വർഷ കാലത്തിൽ-
മരിച്ചു വീണ- 
ഗ്രീഷ്മവും 
നോവുകളുടെ,പ്രത്യാശകളുടെ 
ആവർത്തന പുസ്തകം മാത്രം 




Wednesday, January 27, 2016

നീ


ഒരയ്യപ്പന്‍ കവിതയാണ് നീ.
കാല്പനികതയില്ലാത്ത,
മോഡേണും-
പോസ്റ്റ്‌ മോഡേണുമല്ലാത്ത-
ഒരെഴുത്ത്.

Wednesday, July 15, 2015

പരിണാമം

പരിണാമത്തിന്റെ-
ദശാസന്ധിയിൽ
ഒരു മനുഷ്യൻ-
ഒരു മതമാകുന്നു.
സ്വയം ഒരു ദൈവവും.

സ്നേഹത്തിനുo -
മരണത്തിനുമപ്പുറം-
സ്വർഗ്ഗം സ്വപ്നം
കാണുന്നവർ.

നാവ് നഷ്ടപ്പെട്ട്,
ഭാഷ നഷ്ടപ്പെട്ട്,
വീട്ടുവഴിയെ ചിരിക്കാൻ മറന്ന്,
ചിരികള്‍ ചിത്രരൂപികളായലയുന്ന,
വിലാപങ്ങള്‍ തളര്‍ന്നൊടുങ്ങുന്ന,
പരീക്ഷണകാലം
പരിണാമ കാലം ....  

ഭാഷ മരിച്ച
വർത്തമാനകാലത്തിൽ-
നിന്നെനിക്ക്
തിരിച്ചുനടക്കണം
എന്റെ നാട്ടു വഴികളിലൂടെ.

Thursday, November 27, 2014

പ്രണയം

നക്ഷത്രവഴിയെ നടന്ന് നാം-
കണ്ട സ്വപ്നങ്ങൾ പൂവിട്ടപ്പോൾ-
ഒന്ന് കറുപ്പും ഒന്ന് വെളുപ്പും

പ്രത്യയശാസ്ത്രത്തിന്റെ അടക്കമുള്ള
കല്ലുകൾ കൊരുത്തിട്ടും-
നിറങ്ങളുടെ മേനി പറഞ്ഞ്-
നീയെന്നെ മൂന്ന് വട്ടം തള്ളിപറഞ്ഞു

അക്ഷരങ്ങൾ ലോപിച്ച്
വാക്കുകൾ ശൂന്യമാകുമ്പോൾ
നോവുകൾ അത്മാവിലലിഞ്ഞ്
അത്മതത്വങ്ങൾ-
ദീർഘനിശ്വാസങ്ങളാകുന്നു

വാക്കുകൾ പൂക്കുന്ന
മരമാണ് പ്രണയം.
വെറും വാക്കുകൾ
പൂക്കുന്ന മരം

സ്വപ്‌നങ്ങൾ നഷ്ടപെട്ട-
ഇടവഴിയിൽ ഉപേക്ഷിച്ച
ഓർമ്മയാണിന്ന്  നീ

Thursday, June 5, 2014

ഒറ്റമരങ്ങൾ


ഉഷ്ണരേണുക്കൾ പൊള്ളിക്കുന്ന-
ഗ്രീഷ്മത്തിൽ,
ജീവിതത്തിലേക്കുള്ള
ദൂരമളന്ന്,
ഇതളുകൾ പൊഴിക്കുന്ന ഒറ്റമരം.

ശിഖരങ്ങളടർന്ന്,
ഉഷ്ണ ചിന്തകളിലമർന്ന്,
ഊർദ്ധ്വശ്വാസം വലിക്കുന്ന
പകലിൽ-
ഒരു വേനൽ മഴ

മഴയിൽ കൊരുത്തൊരു
പ്രണയത്തിൽ,
വഴിമരങ്ങളുടെ
അതിജീവനത്തിന്റെ- 
ആത്മാർപ്പണം


ഇന്നെലകളില്ലാത്ത
ഘടികാരസൂചികൾപോലെ-
എഴുതപ്പെടാത്ത 
പ്രണയങ്ങൾ

ഇനി.... 
നീ തന്ന ചൂടും 
തിരിച്ചെടുക്കാം....
മൌനം മറന്ന നിൻ- 
ചുണ്ടുകൾക്കൊപ്പം.
ഇഴ പിരിയാത്ത ഈ മഴയിൽ 
ഇതളുകൾ കൊരുത്ത്,
പ്രത്യാശാ ഭരിതമായ്,
എത്രയെത്ര 
ഒറ്റമരങ്ങൾ..... 

Wednesday, April 24, 2013

സമാന്തരരേഖകള്‍

മിഴി ദൂരത്തിൽ ഉണ്ടെങ്കിലും
നിൻ  മിഴി വാക്കുകൾ
മുറിഞ്ഞു പോകുന്നതെന്താണ്...

നിന്നോട് പറയാനുള്ള
വാക്കുകളെല്ലാം -
തൊണ്ടയിൽ കുരുങ്ങി-
നിശ്ശബ്ദമായ് മരിക്കുന്നെതെന്താണ്...

ഓർമ്മകൾ
വിഷാദo  പൊഴിക്കുന്ന
സന്ധ്യയും,
മഴയിൽ മനസ്സ് മുറിയുന്ന
പകലുകളും
ബാക്കി വെച്ചിട്ടെങ്ങോട്ടാണ്-
നീ മാഞ്ഞു പോകുന്നത്.

സ്വപ്നങ്ങളും ജീവിതവും
സമാന്തര രേഖ യാകുമ്പോള്‍-
വാക്കുകൾ ഊർന്നു വീഴുന്ന
കവിതാ പുസ്തകത്തിൽ
കണ്ണുനീർ അടർന്ന്-
വീണു പടരുന്ന  മഷി കറുപ്പ്...

ഉഷ്ണം മാറ്റാനൊരു-
ചെറു കാറ്റ്,
സുഗന്ധം പരത്താനൊരു-
ചെറു പൂവ്,
എന്റെ സ്വപ്നങ്ങളുടെ 
കാഴ്ച്ചകളിപ്പോൾ
കണ്ണിന്റെ ദൂരത്തോളo
ചെറുതാണ്... 

വാക്ക് നഷ്ടപ്പെട്ടവർ ഒറ്റവാക്കിൽ ഉത്തരം പറയാനുള്ള - ചോദ്യത്തിന്, ഒരു കുട്ടി വാക്ക് പരതുന്നു. വാക്ക് തൊണ്ടയിൽ കുരുങ്ങി- ഭാഷ തിരയുന്നു. ലിപികള...